മുനമ്പം മനുഷ്യക്കടത്ത് മൂന്നു പ്രതികളുടെ അറസ്റ്റ് ഉടൻ

മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട മൂന്നു പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കോവളം സ്വദേശി അനിൽ ഡൽഹിയിൽ നിന്നും പിടികൂടിയ പ്രഭു, രവി, സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവര്‍ക്ക് മേല്‍ അനധികൃത കുടിയേറ്റതിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കും. എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ കൂടിയാണ് പ്രതികൾക്കെതിരെ ചുമത്തുക.
കൊച്ചിയില്‍ നിന്ന് മുമ്പും മനുഷ്യക്കടത്ത് നടന്നതായി പൊലീസ് കസ്റ്റഡിയിലുള്ള പ്രഭു വെളിപ്പെടുത്തിയിരുന്നു. 2013ലാണ് മനുഷ്യക്കടത്ത് നടന്നതെന്നാണ് മൊഴി. മുനമ്പത്ത് നിന്ന് 70 പേര്‍ മത്സ്യബന്ധന ബോട്ടില്‍ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെത്തി. അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലിചെയ്തു. രണ്ടര വര്‍ഷത്തിന് ശേഷം തിരിച്ചയച്ചെന്നും പ്രഭു പൊലീസിന് മൊഴി നല്‍കി.
മുനമ്പത്തു നിന്നും അടുത്തിടെ 110 പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ 22 പേര്‍ കുട്ടികളും 20 പേര്‍ സ്ത്രീകളുമാണ്. ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍വെച്ചാണ് പ്രഭുവിനെ പൊലീസ് പിടികൂടിയത്. പ്രഭുവിനൊപ്പം ദീപക്കിനേയും പൊലീസ് അറസറ്റ് ചെയ്തിരുന്നു. യാത്രയ്ക്കുള്ള പണം തികയാത്തതിനാല്‍ ഇരുവരും മടങ്ങുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here