ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്നെന്ന് കെഎസ്ആര്‍ടിസി

കെ എസ് ആർ ടി സി യിൽ ഇത്തവണ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്നെന്ന അവകാശവാദവുമായി കെഎസ്ആര്‍ടിസി .ശബരിമല സീസണും ചെലവു ചുരുക്കലുമാണ് വരുമാന വർധനവിന് ഇടയാക്കിയതെന്ന് എംഡി ടോമിൻ ജെ തച്ചങ്കരി അവകാശപ്പെട്ടു.
എല്ലാ മാസവും ഇങ്ങനെയാകണമെന്നില്ല .എങ്കിലും കെഎസ്ആർടിസിക്ക് ജനുവരി ഒരോർമയാകും.വായ്പ യോ സഹായമോ ഇല്ലാതെ സ്വന്തം വരുമാനത്തിൽ നിന്നും ജീവനക്കാർക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കുമെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി. ശമ്പളവും അലവൻസുമായി കെഎസ്ആര്‍ടിസിയ്ക്ക് ഒരു മാസം വേണ്ടത് 90 കോടി രൂപയാണ്. ജനുവരിയിൽ വരുമാന വർധനവിന് സഹായിച്ചത് ശബരിമല സീസണും ജീവനക്കാരെയും ചെലവുകളും വെട്ടിക്കുറച്ചതുമാണ്.
ശബരിമല ക്ഷേത്രത്തിന് ഇക്കുറി വരുമാനം കുറഞ്ഞെങ്കിലും കെഎസ്ആർടിസിയ്ക്ക് നേട്ടമായിരുന്നു. 45.2 കോടി രൂപ ശബരിമല സർവീസുകളിൽ നിന്ന് കിട്ടി. മുൻവർഷത്തേക്കാൾ 30 കോടിയുടെ വർധനവ്! ഡബിൾ ഡ്യൂട്ടി നിർത്തിയതും താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയതും ഒക്കെ വരുമാന വർധനവിന് കാരണമായി ടോമിൻ ജെ തച്ചങ്കരി നിരത്തുന്നുണ്ട്. ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയത്, ഡ്രൈവർ കം കണ്ടക്ടർ പദ്ധതി നടപ്പാക്കിയതൊക്കെ വരുമാനം കൂടാൻ ഇടയാക്കിയെന്നും തച്ചങ്കരി അവകാശപ്പെടുന്നു. മകരവിളക്ക് സീസൺ കഴിഞ്ഞതിനാലും പരിഷ്ക്കാരങ്ങൾ പലതിനോടും തൊഴിലാളി സംഘടനകൾക്ക് വിയോജിപ്പുള്ളതിനാലും വരും മാസങ്ങളിൽ സർക്കാർ സഹായത്തേയോ വായ്പയേയോ ശമ്പളത്തിന് ആശ്രയിക്കേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here