മധ്യപ്രദേശില്‍ ഡിഎന്‍എ പരിശോധനയില്‍ ചുരുളഴിഞ്ഞത് ‘സുകുമാരക്കുറുപ്പ്’ മോഡല്‍ കൊലപാതകം

മധ്യപ്രദേശില്‍ ഏറെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് അപ്രതീക്ഷിത ട്വിറ്റ്. 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹിമ്മത്ത് പാട്ടീദര്‍ (36) ജോലിക്കാരന്‍ മദന്‍ മാളവ്യയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ഡിഎന്‍എ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജനുവരി 23 ന് മകനെ കാണാനില്ല എന്ന് കാണിച്ച് ഹിമ്മത്ത് പാട്ടീദാറിന്റെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കമെദ് എന്ന സ്ഥലത്തെ സ്വന്തം ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നും ഹിമ്മത്തിനെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ പൊലീസ് സംഘം ഫാമിലെത്തി പരിശോധന നടത്തി. അന്വേഷണത്തിനിടെ പാടത്തു നിന്നും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ ഹിമ്മത്താണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് കരുതിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിമ്മത്തിന്റെ ഐഡി കാര്‍ഡ്, എടിഎം കാര്‍ഡ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍, രക്തം പുരണ്ട ബെല്‍റ്റ്, ചെരുപ്പുകള്‍ എന്നിവയും തൊട്ടടുത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തി. ഇയാളെ കൊലപ്പെടുത്തിയ ശേഷം മദന്‍ മാളവ്യ കടന്നു കളഞ്ഞുവെന്ന നിഗമനത്തില്‍ പൊലീസ് എത്തി.
അന്വേഷം പുരോഗമിക്കുന്നതിനിടെ ജനുവരി 22 മുതല്‍ മദന്‍ മാളവ്യയെ കാണാനില്ലെന്ന് പൊലീസിന് വ്യക്തമായി. മാളവ്യയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ കമെദില്‍ നിന്നും 500 മീറ്റര്‍ അകലെ അയാളുടെ വസ്ത്രങ്ങളും ചെരിപ്പും ചെളിപുരണ്ട നിലയില്‍ കണ്ടെത്തി. മാളവ്യയുടെ കുടുംബാംഗങ്ങള്‍ ഇത് തിരിച്ചറിയുകയും ചെയ്തു.
സംഭവ ദിവസം പുലര്‍ച്ചെ 4.30 വരെ ഹിമ്മത്തിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഫോണ്‍ രേഖകള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. എല്ലാ ദിവസവും ഫാമിലെ പമ്പ് ഓണ്‍ ചെയ്യാന്‍ ഹിമ്മത്ത് എത്തിയിരുന്നു. എന്നാല്‍ സംഭവ ദിവസം പമ്പ് ഓണ്‍ ചെയ്തിരുന്നില്ല. ഇക്കാരണങ്ങളെല്ലാം ഹിമ്മത്തല്ല കൊല്ലപ്പെട്ടതെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചു. അതിനിടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ അടിവസ്ത്രം മാളവ്യയുടേതാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കൊലപാതകത്തിന് വഴിത്തിരിവായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here