Advertisement

ബിജെപിയെ തുറന്നെതിര്‍ക്കാന്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍; പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കി

January 29, 2019
0 minutes Read

2016ലെ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്ത പ്രമേയം പാസ്സാക്കി. ബില്‍ രാജ്യസഭയില്‍ പാസ്സാക്കാതിരിക്കാന്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അസം ഗണ പരിഷത്ത് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ബി ജെ പിയെ തുറന്നെതിര്‍ക്കാന്‍ പാര്‍ട്ടികള്‍ തീരുമാനിച്ചത്. സഖ്യ കക്ഷികളെ അവഗണിക്കുന്ന നടപടി ബി ജെ പി അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ജെ ഡി യു രംഗത്ത് വന്നു.

രണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം ഭൂരിഭാഗം പ്രദേശിക പാര്‍ട്ടികളും പങ്കെടുത്ത യോഗത്തിലാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രമേയം പാസ്സാക്കിയത്. സഖ്യ കക്ഷികളുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നതെന്ന വിമര്‍ശം നേതാക്കള്‍ ഉന്നിയിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യു, ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് ജെ ഡി യു യോഗത്തില്‍ വ്യക്തമാക്കി. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തി കൊണ്ട് വരാനാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള പ്രദേശിക പാര്‍ട്ടികള്‍ ആലോചിക്കുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ പ്രതീക്ഷ വെച്ചിരുന്ന മേഖലയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്നാണ് സൂചന. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പഴയ സഖ്യങ്ങളിലേക്ക് തിരികെ ചെല്ലാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മേഖാലയയിലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി, ബി ജെ പിക്കൊപ്പം നില്‍ക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഗലാന്‍ഡിലെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി, ത്രിപുരയില്‍ ബി ജെ പിക്കൊപ്പമുള്ള ഇന്‍ഡീജിനസ് പീപ്പീള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, മിസോറാം ഭരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ബി ജെ പി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് അഥവ എന്‍ ഇ ഡി എയുടെ പ്രധാനപ്പെട്ട അംഗങ്ങളാണ് മേല്‍പ്പറഞ്ഞ പാര്‍ട്ടികളെല്ലാം.

എന്‍ പി പി നേതാവും മേഖാലയ മുഖ്യമന്ത്രിയുമായ കൊര്‍ണാഡ് സാഗ്മ, എം എന്‍ എഫ് നേതാവും മിസോറാം മുഖ്യമന്ത്രിയുമായ സോറംതാങ്ക, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഐക്യ ജനതാദള്‍ പാര്‍ട്ടിയുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. 1955 ലെ പൌരത്വ നിയമം ഭേദഗതി ചെയ്ത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നിവടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് വന്ന മുസ്ലീം വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top