Advertisement

3 – കൃഷ്ണമേനോൻ മാർഗിലെ മലയാളി

January 29, 2019
1 minute Read

ബി. ദിലീപ് കുമാര്‍

3 – കൃഷ്ണമേനോൻ മാർഗ്.

ഡൽഹിയിൽ ഞാനെത്തിയ 2005 ൽ ഇതായിരുന്നു ജോർജ് ഫെർണാണ്ടസിന്റെ മേൽവിലാസം. സദാ തുറന്നിട്ട ഗേറ്റ്. അയൽ വീടുകളിലെപ്പോലെ പാറാവുകാരെ ഈ വീടിനു മുന്നിൽ കണ്ടിരുന്നില്ല. ആർക്കും എപ്പോഴും കടന്നു ചെല്ലാം. ഇവിടം കേന്ദ്രീകരിച്ചാണ് അന്ന് കോൺഗ്രസ് വിരുദ്ധ നീക്കങ്ങളുടെ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. സുഷ്മ സ്വരാജും അരുൺ ജയ്റ്റ്ലിയും മാധ്യമ പ്രവർത്തകരോട് അതേക്കുറിച്ച് വിശദീകരിച്ചതും ഈ വീടിനു മുറ്റത്തായിരുന്നു. തൊട്ടപ്പുറത്തായിരുന്നു എ.ബി വാജ്‌പേയിയുടെ വസതി 6-A, കൃഷ്ണമേനോൻ മാർഗ്. അക്കാലത്ത് എൻഡിഎ യോഗങ്ങൾ നടക്കുന്നത് വാജ്‌പേയിയുടേയും ജോർജ് ഫെർണാണ്ടസിന്റെയും വസതികളിലാണ്. പി സി തോമസിന്റെ IFDP അന്ന് ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമായിരുന്നതിനാൽ അദ്ദേഹവും ഈ യോഗങ്ങൾക്കെത്തുമായിരുന്നു.

തീപ്പൊരി ഫെർണാണ്ടസ്

അന്ന് ജോർജ് ഫെർണാണ്ടസിനെ കാണുമ്പോൾ 1967 ൽ എസ് കെ പാട്ടീലിനെ ബോംബെയിൽ മലർത്തിയടിച്ച ചരിത്രമൊന്നും അറിയില്ല ആകെ അറിയാവുന്നത് നല്ല ഉശിരുള്ള നേതാവ്, ബറോഡ ഡൈനാമിറ്റ് കേസിലെ പ്രതി, റയിൽവേ തൊഴിലാളികളുടെ ഐതിഹാസിക സമരത്തിനു നേതൃത്വം നൽകിയ തീപ്പൊരി നേതാവ്, വാജ്പേയ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി, എൻഡിഎ കൺവീനർ, കറ കളഞ്ഞ സോഷ്യലിസ്റ്റ്… അങ്ങനെ കുറേ ചരിത്രമാണ്. ഡൽഹിക്കു തിരിക്കും മുമ്പ് സീ ന്യൂസ് കേരള പ്രതിനിധിയായിരുന്ന ശ്രീ. റോയ് മാത്യു തയ്യാറാക്കിയ പരിപാടിയിൽ വൈദിക പട്ടത്തിന് പഠിക്കാൻ പോയ ജോർജ് ഫെർണാണ്ടസ് സെമിനാരിയിൽ നിന്നു ചാടിപ്പോയി തൊഴിലാളി നേതാവായ കഥ പറഞ്ഞിരുന്നു. ജോർജ് ഫെർണാണ്ടസിന്റെ പ്രസംഗത്തിലെ തീപ്പൊരി ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പലപ്പോഴും മൻമോഹൻ സിംഗിനും മന്ത്രിമാർക്കും നേരിടേണ്ടി വന്നു. മീഡിയാ ഗാലറിയിലിരുന്ന് ജോർജ് ഫെർണാണ്ടസിന്റെ പ്രസംഗം പലവട്ടം കേട്ടു. ഭരണപക്ഷ ബെഞ്ചുകൾ മൗനമാവുന്നതും പ്രതിപക്ഷ നിര കയ്യടിക്കുന്നതും അപ്പോൾ കാണാമായിരുന്നു.

വീണ്ടും ആ വീട്ടിലേക്ക്

ഒരു മുന്നണിയെ നയിച്ച് ചരിത്രം കുറിച്ചവർ ഏതാണ്ട് ഒരേ കാലത്താണ് അവശരാവുന്നത്. വാജ്പേയിയും ജോർജ് ഫെർണാണ്ടസും. അയൽക്കാരേക്കാളുപരി ആത്മ മിത്രങ്ങൾ. ഇരുവരും അവശരായതോടെ എന്‍.ഡി.എ യോഗകേന്ദ്രം പൃഥ്വിരാജ് റോഡിലെ എൽ കെ അഡ്വാനിയുടെ വസതിയിലേക്ക് മാറിയിരുന്നു. കൃഷ്ണമേനോൻ മാർഗിലെ ആളൊഴിഞ്ഞ വീട്ടിൽ ജോർജ് ഫെർണാണ്ടസും ജയാ ജയ്റ്റ്ലിയും പ്രീമിയർ പദ്മിനി കാറും മാത്രം ബാക്കിയായി. ജയാ ജയ്റ്റ്ലി നല്ല മലയാളത്തിൽ ഫെർണാണ്ടസിനെയും തന്നെയും തെഹൽക്ക കുടുക്കിയ വിവരം പറഞ്ഞു കൊണ്ടിരുന്നു. താനും ജോർജ് സാബും മകൾ അതിഥിയും മരുമകൻ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന അജയ് ജഡേജയും ഉത്തരേന്ത്യക്കാർ നിറയുന്ന ചടങ്ങിൽ തങ്ങൾക്കു മാത്രം മനസിലാവാൻ മലയാളം പറയുന്ന കാര്യവും വെളിപ്പെടുത്തി. ജോർജ് ഫെർണാണ്ടസ് മലയാളം പറയുന്നത് കേട്ടിട്ടില്ല. എന്നാൽ, നന്നായി മലയാളം പറയുമെന്ന് ജയാ ജയ്റ്റ്ലി. മലയാള മടക്കം പത്തു ഭാഷകൾ ജോർജ് ഫെർണാണ്ടസിന് വശമായിരുന്നത്രേ.

ജയാ ജയ്റ്റ്ലിയെ ജോർജ് ഫെർണാണ്ടസിന് അത്ര വിശ്വാസമായിരുന്നു. ജയക്ക് തിരിച്ചും. തെഹൽക്ക ടേപ്പിൽ കുടുങ്ങി തന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച് മന്ത്രി പദം ഒഴിയാൻ ഇടയാക്കിയത് ജയാ ജയ്റ്റ്ലി ആണെങ്കിലും ആ വീട്ടിൽ അപ്പോഴും ജയ തന്നെയായിരുന്നു സർവാധികാരി. സ്വന്തം വസ്ത്രം സ്വയം കഴുകുന്നത് ജോർജ് ഫെർണാണ്ടസ് കിടപ്പിലാകും വരെ തുടർന്നു. ലോകത്തെവിടെയായാലും വസ്ത്രം മറ്റാരെക്കൊണ്ടും അദ്ദേഹം അലക്കിച്ചിരുന്നില്ല. കീറിയവ അദ്ദേഹം സ്വയം തുന്നി. നേതാക്കൾ അനുനിമിഷം കുപ്പായം മാറുന്ന കാലത്താണ് ഇങ്ങനെ ഒരു നേതാവ് ആ നേതാക്കൾക്കിടയിൽ ജീവിച്ചിരുന്നത്.

ജയാ ജയ്റ്റിലിയായിരുന്നു ജോർജ് ഫെർണാണ്ടസിനെ ഏറെക്കാലം പരിചരിച്ചിരുന്നത്. ആ വീട്ടിലേക്ക് ഒരു രാത്രി ആദ്യ ഭാര്യ ലൈല കബീറും മകനുമെത്തുന്നു, പ്രശ്നം സ്വത്തു തർക്കമാവുന്നു. വഴക്ക്, കേസ്, ഒടുവിൽ ജയ പുറത്ത്. ചുറ്റും നടക്കുന്നതൊന്നുമറിയാതെ കോടതി വിധി പ്രകാരം ജോർജ് ഫെർണാണ്ടസ് ലൈലക്കൊപ്പം പഞ്ച് ശീൽ പാർക്കിലെ വസതിയിലേക്ക് മാറുന്നു.

മുസാഫർപൂർ യാത്ര

2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. തന്റെ രാഷ്ട്രീയ ഗുരു ജോർജ് ഫെർണാണ്ടസിന് ശിഷ്യൻ നിതീഷ് കുമാറിന്റെ ഗുരുദക്ഷിണ. സിറ്റിംഗ് സീറ്റായ മുസഫർപൂരിൽ ജോർജ് ഫെർണാണ്ടസിന്റെ പേര് നിതീഷ് വെട്ടി. നിതീഷിന്റെ നീക്കത്തിൽ പ്രകോപിതനായ ജോർജ് ഫെർണാണ്ടസ് ശാരീരികാവശതകൾ മറന്ന് മുസഫർപൂരിൽ പത്രിക നൽകി. ഞാനും അന്ന് അമൃത ടി വി ഡൽഹി ബ്യൂറോ ചീഫുമായ കെ മധുവും ( മധു ഇപ്പോൾ മാതൃഭൂമി കോഴിക്കോട് റീജണൽ എഡിറ്റർ ) കൂടി തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ബിഹാറിൽ പോയി. മുസഫർപൂരിലെ കാറ്റ് ഫെർണാണ്ടസിന് ഒട്ടും അനുകൂലമല്ലെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. പിന്നെയും എന്തിനദ്ദേഹം മത്സരിച്ചു. കണ്ട വോട്ടർമാരൊക്കെ പറഞ്ഞു നന്ദികേടാണ്. പക്ഷേ ഞങ്ങൾ ഇത്തവണ ലാലുവിനെതിരെ നിതീഷിനൊപ്പമാണ് വോട്ട് . ജോർജ് സാബിന് വയ്യല്ലോ…

അതെ… അതാണ് രാഷ്ട്രീയം എന്നോർമപ്പെടുത്തി ജോർജ് ഫെർണാണ്ടസ് വർഷങ്ങൾക്കിപ്പുറം ഇന്ന് വിടവാങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള കാലത്ത് നേതാവിന് ചുറ്റും വലിയ ആൾ വലയമുണ്ടാകും. അവശനായായാൽ ആരും തിരിഞ്ഞു നോക്കാനുണ്ടാവില്ല. പക്ഷേ ചരിത്രത്തിൽ അവർ രേഖപ്പെടുത്തിയതൊന്നും ആർക്കും അടർത്തി മാറ്റാനുമാവില്ല.

(ഇതേ നിതീഷ് പിന്നീട് ഒന്നര വർഷക്കാലം ശേഷിക്കുന്നൊരു രാജ്യസഭാംഗത്വം 2010ൽ ജോർജ് ഫെർണാണ്ടസിന് നൽകി. ഒപ്പു വയ്ക്കാനാവാതെ വിറയ്ക്കുന്ന കരങ്ങളാൽ വിരൽ മുദ്ര പതിപ്പിച്ചാണ് അന്നദ്ദേഹം രാജ്യ സഭാംഗമായത് )

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top