പോക്‌സോ കേസ്; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ്

പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ ഡിസിസി പ്രസിഡന്റും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്. സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എം. ജോർജിനെതിരെയാണ് പോക്‌സോ കേസ്. ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി ഉണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം കെപിസിസിക്ക് സമർപ്പിക്കുമെന്നും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ കാര്യം അറിയിച്ചിട്ടുണ്ടെന്നും അതേ തുടര്‍ന്ന് പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെറ്റ് ചെയ്ത ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നര വർഷത്തോളം ഇയാൾ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളിൽ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ പണിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോർജിന്റെ വീട്ടിൽ പണിക്ക് എത്തുമായിരുന്നു. മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയങ്ങളിലാണ് ജോർജ് പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്.

ചൊവ്വാഴ്ച പൊലീസ് വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ജോര്‍ജിനെതിരെ കേസെടുത്തത്. ആരോപണവിധേയനായ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ.എം ജോര്‍ജ് ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ജോര്‍ജിനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top