Advertisement

ആരോ​ഗ്യ സുരക്ഷയ്ക്ക് നാല് ഭാ​ഗങ്ങളിലുള്ള പദ്ധതി; ആശുപത്രികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

January 31, 2019
0 minutes Read
phc

സമ​ഗ്ര ആരോ​ഗ്യ സുരക്ഷയ്ക്ക് നാല് ഭാ​ഗങ്ങളിലുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യംവെയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതിൽ ഒന്നാമത്തേത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ ശൃം​ഗല സൃഷ്ടിക്കുക എന്നതാണ്. ഇതിന്റെ ഭാ​ഗമായി 150 ആശുപത്രികളെ കുടുംബാരോ​ഗ്യ ആശുപത്രികളായി ഉയർത്തി. 200 ആശുപത്രികളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. പടിപടിയായി മുഴവൻ പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളേയും കുടുംബാരോ​ഗ്യ ആശുപത്രികളായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
ഇതോടെ ആസ്ഥാന ആരോ​ഗ്യ സമ്മേളനത്തിന്റെ പ്രാഥമിക ആരോ​ഗ്യ സേവനത്തെക്കുറിച്ചുള്ള പ്രഖ്യാപനം പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.

കുടുംബാരോ​ഗ്യ ആശുപത്രികളിൽ 3 ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒ പി ഉണ്ടായിരിക്കും. ലാബും മറ്റ് അനുബന്ധ സംവിധാനങ്ങളും ഉണ്ടായിരിക്കും.ഇൗ പദ്ധതി സാധ്യമാകുന്നതോടെ, ദ്വിതീയ, ത്രിതീയ ആശുപത്രികളിലേക്കുള്ള തിരക്ക് കുറയുന്നതായിരിക്കും.

ആശുപത്രികളെ ആധുനികവത്ക്കരിക്കുക എന്നതാണ് രണ്ടാം തലം. എല്ലാ മെഡിക്കൽ കോളെജിലും ഒാങ്കോളജി, ജില്ലാ ആശുപത്രികളിൽ കാർഡിയോളജി, താലൂക്ക് ആശുപത്രികളിൽ ട്രോമ കെയർ സെന്ററുകളും ആരംഭിക്കും. ഇതിന് ആവശ്യമായ ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആരോ​ഗ്യ മേഖലയിൽ ഇതുവരെ സൃഷ്ടിച്ചിട്ടുള്ളത് 4217 തസ്തികകളാണെന്നും മന്ത്രി പറ‍ഞ്ഞു.

ജീവിത ശൈലി രോ​ഗങ്ങളെ കൈകാര്യം ചെയ്യുന്നത് പൊതു ആരോ​ഗ്യ കേന്ദ്രങ്ങളെ പ്രാപ്തരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
കേരളത്തിലെ സ്വകാര്യ ആശുപത്രികളേക്കൂടി ദ്വിതീയ, ത്രിതീയ സേവനങ്ങളിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ ന്യായമായ നിരക്കിൽ ഇവരുടെ സേവനങ്ങൾ ലഭ്യമാക്കുക സാധ്യമല്ല. ഇതിന് തയ്യാറാകുന്ന ആശുപത്രികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാർവത്രിക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മൂന്നാമത്തെ ഭാ​ഗം.

ഇൻഷുർ ചെയ്യപ്പെടുന്ന കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വരെ കമ്പനികൾ നൽകുന്നതായിരിക്കും. ഇതിന് മുകളിൽ ചെലവ് വരുന്ന രോ​ഗങ്ങൾക്ക് സർക്കാർ നേരിട്ട് ഇൻഷുറൻസ് നൽകുന്നതായിരിക്കും. ഇൻഷുറൻസ് എടുക്കുന്ന മുഴുവൻ ആളുകൾക്കും അതിനുള്ള അവകാശമുണ്ട്. കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന ആർഎസ്പിവൈയും കാരുണ്യ പദ്ധതിയും പുതിയ രീതിയിൽ സംയോജിപ്പിക്കുകയാണ് ചെയ്തത്. ആരോ​ഗ്യ വകുപ്പിന്റെ മറ്റ് പദ്ധതികളും ഇതോടൊപ്പം സംയോജിപ്പിക്കും. പത്ത് ലക്ഷത്തോളം വരുന്ന സർക്കാർ ഉദ്യോ​ഗസ്ഥർക്കും ആരോ​ഗ്യ ഇൻഷുറൻസ് ലഭിക്കും.

കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ആരോ​ഗ്യ പരിരക്ഷ ലഭിക്കുന്ന പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മെയ് മാസത്തോടെ മുഴുവൻ പദ്ധതിയും നടപ്പിലാക്കും. കാരുണ്യ ഭാ​ഗ്യക്കുറിയുടെ മുഴുവൻ തുകയും ഇതിനായി മാറ്റിവെയ്ക്കും.

സമ​ഗ്ര ആരോ​ഗ്യ സുരക്ഷാ പദ്ധതിയുടെ നാലാമത്തെ തലം ജനകീയ ഇടപെടൽ. രോ​ഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനകീയ ഇടപെടൽ ആവശ്യമാണ്. ആശാപ്രവർത്തർ ഉൾപ്പെടെയുള്ളവരുടെ ഒരു ആരോ​ഗ്യ സേന ഇതിനായി ചുമതല ഏറ്റെടുക്കണം. ആശ വർക്കർക്ക് 500 രൂപ വർദ്ധിപ്പിക്കും. രോ​ഗപ്രതിരോധ പ്രവർത്തനങ്ങൾ, രോ​ഗം വന്നാൽ ചികിത്സ, സാന്ത്വന പരിചരണം ഇവയാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top