പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ പതിനൊന്ന് മണിയ്ക്ക് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. നാളെയാണ് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിയ്ക്കുക. അതേസമയം കേന്ദ്രസര്‍ക്കാരും രാജ്യസഭ ചെയര്‍മാനും വിളിച്ചിട്ടുള്ള സര്‍വ്വകക്ഷി യോഗങ്ങളും ഇന്ന് നടക്കും.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുക. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ജനപ്രതിനിധികളെ ജനാധിപത്യ കടമകളെക്കുറിച്ച് അദ്ധേഹം ഓര്‍മ്മിപ്പിയ്ക്കും. അജണ്ടയില്‍ മറ്റ് കാര്യ പരിപാടികളൊന്നും ഇരു സഭകള്‍ക്കും ഇന്നില്ല. നാളെ ഇടക്കാല ബജറ്റ് ലോകസഭയില്‍ ധനമന്ത്രിയുടെ ചാര്‍ജ്ജുള്ള പിയൂഷ് ഗോയല്‍ അവതരിപ്പിയ്ക്കും. തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന വേളയില്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാകും ഇടക്കാല ബജറ്റിന്റെ ഉള്ളടക്കം.
കാലാവധി പൂര്‍ത്തിയാകുന്ന പതിനാറാം ലോകസഭയുടെ അവസാന സമ്മേളനം കൂടിയാണ് ഇപ്പോഴത്തേത്. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്നലെ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സമാധാനപരമായി സഭാനടപടികള്‍ നടത്താന്‍ അവര്‍ എല്ലാ കക്ഷികളുടെയും സഹായം തേടി. കേന്ദ്രസര്‍ക്കാരും രാജ്യസഭ ചെയര്‍മാനും വിളിച്ചിട്ടുള്ള സര്‍വ്വകക്ഷി യോഗങ്ങളും ഇന്ന് നടക്കും. ബജറ്റ് അവതരണമാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും പ്രധാന ബില്ലുകള്‍ പാസാക്കാനുള്ള അവസാന അവസരമായി കൂടിയാണ് ഈ സമ്മേളനകാലത്തെ സര്‍ക്കാര്‍ പരിഗണിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മുത്തലാക്ക് അടക്കമുള്ള എല്ലാ ബില്ലുകളും പാസാക്കാന്‍ തന്നെയാകും സര്‍ക്കാരിന്റെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here