നിർണായക യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

നിർണായക യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളാണ് യോഗത്തിലെ പ്രധാന അജണ്ട. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ഘടക കക്ഷികൾ പലരും രംഗത്തുണ്ടെങ്കിലും സമവായത്തിലൂടെ പ്രശ്ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ലോക്സഭാ സീറ്റിനെച്ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ഉൾപ്പാർട്ടി രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് യു ഡി എഫ് യോഗം ചേരുന്നത്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിർദേശമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്നത്. ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന നിലപാടാണ് കോൺഗ്രസിന്. എന്നാൽ ഇതിന്റെ പേരിൽ തർക്കങ്ങൾക്ക് പാർട്ടി മുതിരില്ല. നിലവിലുള്ള രണ്ട് സീറ്റുകൾക്ക് പുറമേ ഒന്നുകൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തിൽ ഒരു കടുംപിടുത്തത്തിലേക്ക് പാർട്ടി പോയേക്കില്ല. സീറ്റ് ആവശ്യപ്പെട്ട കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകും.
എന്നാൽ, കോട്ടയത്തിനു പുറമേ, ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫ്. ജോസഫിന്റെ പിടിവാശിക്കു പിന്നിൽ കേരളാ കോൺഗ്രസ് എമ്മിലെ ഉൾപ്പാർട്ടി രാഷ്ട്രീയം കോൺഗ്രസ് കാണുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി ഘടകകക്ഷികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ചകൾ നടത്തും. അധികം സീറ്റുകൾ വിട്ടു നൽകാതെ തന്നെ വിഷയത്തിൽ സമവായത്തിലെത്താനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വൈകിട്ട് ആറരക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here