Advertisement

കാര്‍ഷിക, പ്രതിരോധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഇടക്കാല കേന്ദ്ര ബജറ്റ്

February 1, 2019
Google News 1 minute Read

പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ വിഹിതം അനുവദിയ്ക്കുന്ന പതിവ് രീതി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും പിന്തുടര്‍ന്നു. 3 ലക്ഷം കോടി രൂപയാണ് ഇത്തവണ വകയിരുത്തിയത്. റെയില്‍വെയ്ക്ക് വിഹിതമായ് 1.58 ലക്ഷം കോടി രൂപ ബജറ്റ് മാറ്റിവച്ചു. 2022 ഓടെ രാജ്യത്തെ എല്ലാവരും വീട് ഉറപ്പാക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

പൊതുബജറ്റ് ലോകസഭയില്‍ അവതരിപ്പിയ്ക്കാന്‍ അവസരം ലഭിയ്ക്കുന്ന ആദ്യ റെയില്‍ മന്ത്രിയായ് ഇന്ന് പിയൂഷ് ഗോയല്‍. താത്ക്കാലിക ധനമന്ത്രി ആയി ബജറ്റ് അവതരിപ്പിച്ച ഗോയല്‍ റെയില്‍വെയെ കരുതലോടെ പരിഗണിയ്ക്കുകയും ചെയ്തു. 1.58 ലക്ഷം കോടി രൂപയാണ് വിഹിതമായ് പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ റെയില്‍വെയെ ആഗോള നിലവാരത്തില്‍ എത്തിക്കും. പ്രതിരോധ മേഖലയ്ക്ക് ഇത്തവണ വകയിരുത്തിയത് 3 ലക്ഷം കോടിയാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീടും ശുചി മുറിയും ഉറപ്പു വരുത്തുമെന്നും ബജറ്റില്‍ പറയുന്നു. 2019 മാര്‍ച്ചില്‍ രാജ്യത്തെ ഗാര്‍ഹിക മേഖല സമ്പൂര്‍ണ്ണ വൈദ്യുതിവത്ക്കരണ ലക്ഷ്യം കൈവരിയ്ക്കും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമമായി ഉയര്‍ത്താനുള്ള നിര്‍ദേശവും ബജറ്റില്‍ ഉണ്ട്. ഉജ്ജ്വല യോജന വഴി 6 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതായും 2 കോടി കുടുംബങ്ങള്‍ക്ക് അടുത്ത വര്‍ഷം ഗ്യാസ് കണക്ഷന്‍ നല്‍കുമെന്നും പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു.

Read More:കേന്ദ്ര ബജറ്റ്: ആരോഗ്യ മേഖലയ്ക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കും

രാജ്യത്തെ ചെറുകിട കര്‍ഷകരെ ഉന്നം വെച്ച് കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാണ് പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. പ്രധാനമന്ത്രിയുടെ കര്‍ഷക സമ്മാന നിധി എന്ന പേരില്‍ ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. ചെറുകിട കര്‍ഷകര്‍ക്ക് മാസം അഞ്ഞൂറ് രൂപ വീതം തുക വകയിരുത്തുന്ന പദ്ധതിയാണ് പീയൂഷ് ഗോയല്‍ ഇന്ന് പ്രഖ്യാപിച്ചത്. രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് നേരിട്ട് തുക ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വരുന്ന പദ്ധതി പ്രകാരം ആദ്യഗഡു ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കര്‍ഷകരിലെത്തിക്കാന്‍ കഴിയും. പന്ത്രണ്ടായിരം കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതി വലിയ നേട്ടമുണ്ടാക്കുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. എഴുപത്തി അയ്യായിരം കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. പശുക്കള്‍ക്കായി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഉപേക്ഷിക്കപ്പെടുകയും രോഗം ബാധിക്കുകയും ചെയ്യുന്ന പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതും കര്‍ഷകരെ സഹായിക്കാനാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

മാസം അഞ്ഞൂറ് രൂപ നല്‍കാനുള്ള തീരുമാനം കര്‍ഷകനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടി മറികടക്കാന്‍ ഇപ്പോഴത്തെ പദ്ധതികള്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിള ഇന്‍ഷൂറന്‍സ് പ്രീമിയം കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത് ഒഴിവാക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here