Advertisement

ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മഖാന ബോര്‍ഡ്…; ബജറ്റില്‍ ബിഹാറിന് വാരിക്കോരി

February 1, 2025
Google News 2 minutes Read
union budget 2025 big announcements for bihar

2025ലെ കേന്ദ്രബജറ്റില്‍ അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി കൈനിറയെ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്. ഐഐടി പട്‌നയ്ക്കും പരമാവധി പ്രോത്സാഹനം നല്‍കാന്‍ ബജറ്റില്‍ നീക്കിയിരിപ്പുണ്ട്. ആരോഗ്യദായകമായ സ്‌നാക് എന്ന പേരില്‍ ഇപ്പോള്‍ വലിയതോതില്‍ അംഗീകരിക്കപ്പെടുന്ന മഖാനയെ പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. (union budget 2025 big announcements for bihar)

ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കാന്‍ മാത്രമല്ല പാറ്റ്‌നയില്‍ ഉള്‍പ്പെടെ മറ്റ് വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും ബജറ്റില്‍ പ്രോത്സാഹനമുണ്ട്. ബിഹാറിലെ മിതിലാഞ്ചല്‍ സ്വദേശികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒരു പ്രഖ്യാപനവും ധനമന്ത്രി ഇന്ന് നടത്തി. മിതിലാഞ്ചല്‍ വെസ്‌റ്റേണ്‍ കോസി കനാല്‍ നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇത് അന്‍പതിനായിരത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകും. മഖാന കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

Read Also: കേന്ദ്ര ബജറ്റ് 2025: അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ

ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളിലെയാകെ ഭക്ഷ്യ വ്യവസായത്തിനും കയറ്റുമതിയ്ക്കും കരുത്തുപകരുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഐഐടി പാട്‌നയുടെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ബിഹാറില്‍ ഉടനടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ബിഹാറിനുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മുന്‍തവണത്തക്കോള്‍ കുറഞ്ഞ ബിജെപിക്ക് ചന്ദ്രബാബു നായിഡുവിനൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെക്കൂടി അനുനയിപ്പിച്ച് നിര്‍ത്തേണ്ടതുണ്ട് എന്നത് മറ്റൊരു കാരണമായും പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ധരിച്ച സാരിക്കും ഒരു ബിഹാര്‍ ബന്ധമുണ്ട്. മധുബനി സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ബീഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല, സങ്കീര്‍ണ്ണമായ ജ്യാമിതീയ പാറ്റേണുകള്‍, പുഷ്പ രൂപങ്ങള്‍, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങള്‍ എന്നിവയാല്‍ സവിശേഷതയുണ്ട്. പത്മപുരസ്‌കാരജേതാവ് ദുലാരി ദേവിയാണ് ധനമന്ത്രിയ്ക്ക് സാരി സമ്മാനിച്ചത്.

Story Highlights : union budget 2025 big announcements for bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here