മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടി; നടപടി സ്വാഗതാര്‍ഹമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നതിനെ സ്വാഗതം ചെയ്ത് സമരസമിതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫാസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി സമരസമിതി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഉച്ചയ്ക്ക് ശേഷം സമരക്കാര്‍ സംസാരിക്കും. സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി ആരംഭിച്ചു. സമരം ഒത്തുതീര്‍പ്പാകുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സമരസമിതി സങ്കടയാത്ര സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ ഉള്‍പ്പെടെ സങ്കടയാത്രയില്‍ സമരക്കാരെ അനുഗമിച്ചു. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സാമൂഹിക പ്രവര്‍ത്തക ദയാഭായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് സങ്കട യാത്ര നടത്തിയത്.
അതേസമയം ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ല. കൊല്ലത്തും, ചങ്ങനാശ്ശേരിയിലും വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനായി അദ്ദേഹം രാവിലെ യാത്ര തിരിച്ചിരിക്കുകയാണ്. സങ്കടയാത്ര ക്ലിഫ് ഹൗസിന് സമീപത്ത് വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here