തമ്പാനൂര്‍ ഡിപ്പോയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി മാറ്റി നല്‍കി സംഭവത്തില്‍ അപാകത ഇല്ലെന്ന് റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി തമ്പാനൂര്‍ ഡിപ്പോയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി മാറ്റി നല്‍കി സംഭവത്തില്‍ അപാകത ഇല്ലെന്ന് ഡിടിഒയുടെ റിപ്പോര്‍ട്ട്. നാല് സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയത് താല്‍ക്കാലികമായിട്ടാണ്. ഈ റൂട്ടിലേയ്ക്കുള്ള കണ്ടക്ടര്‍, ജോലിയ്ക്ക് എത്തിയതോടെ ഡ്യൂട്ടി പഴയത് പോലെ പുനഃക്രമീകരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിടിഒ, റിപ്പോര്‍ട്ട് ഗതാഗത മന്ത്രിയ്ക്ക് കൈമാറി. തിരുവനന്തപുരം – പാലക്കാട് റൂട്ടില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലിക്കെത്തിയ ജീവനക്കാരനെ മാറ്റിയത് വിവാദമാതോടെയാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടി മാറ്റം ഡ്രൈവര്‍ കം കണ്ടക്ടറായി നിയോഗിക്കപ്പെട്ട ജിനൊ അറിഞ്ഞത് ജോലിക്ക് എത്തിയപ്പോള്‍ മാത്രമായിരുന്നു. ജോലി മാറ്റം നേരത്തെ അറിയിക്കാഞ്ഞത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഫെബ്രുവരി രണ്ടിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിയ്ക്ക് എത്തിയ ആളെ ഇറക്കി വിട്ടത്. തച്ചങ്കരിയെ മാറ്റിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ടു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതിന് പിന്നാലെ തച്ചങ്കരി ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഇത് നിര്‍ബന്ധമാക്കി. ഈ തീരുമാനമാണ് തച്ചങ്കരിയെ മാറ്റിയതിന്റെ പിറ്റേ ദിവസം അട്ടിമറിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here