ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി, പുനഃപരിശോധന ഹർജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീം കോടതി

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി പുനഃപരിശോധന ഹർജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീം കോടതി. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചപ്പോള്‍ നടയടച്ചിട്ട തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. അതേസമയം യുവതീ പ്രവേശന ഉത്തരവ് പുനഃപരിശോധിക്കരുതെന്നാവശ്യപ്പെട്ട് ബിന്ദു, കനക ദുർഗ്ഗ ഉള്‍പ്പടെ നാല് യുവതീകള്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കി.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടന ബെഞ്ച് നാളെയാണ് പരിഗണിക്കുക. അതോടൊപ്പം തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജിയില്‍ ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധ ക്ഷണിച്ചപ്പോഴാണ് കോടതി തീരുമാനം വ്യക്തമാക്കിയത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അന്‍പതോളം കോടതിയലക്ഷ്യ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. യുവതീ പ്രവേശനം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കരുതെന്ന് കാട്ടി ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനക ദുർഗ്ഗ എന്നിവരും രേഷ്മ, ഷനില എന്നീ യുവതികളും സുപ്രീം കോടതിയെ സമീപിച്ചു. പുനഃപരിശോധന ഹർജികളില്‍ കക്ഷി ചേർക്കണമെന്നും ഈ മാസം ശബരിമലയില്‍ നട തുറക്കുന്പോള്‍ ദർശനത്തിന് അവസരം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസം പുനഃപരിശോധന ഹർജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നെങ്കിലും ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായിരുന്നതിനാല്‍ നാളെത്തേക്ക് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടന ബെഞ്ചാണ് നാളെ ഹർജികളില്‍ വാദം കേള്‍ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here