സിബിഐ-പൊലീസ് പോര്; സിബിഐ നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബംഗാളിലെ സിബിഐ- പോലീസ് പോരിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണവുമായി സഹകരിക്കാൻ കൊൽക്കത്ത സിറ്റി പോലീസ് കമ്മിഷണർ രാജീവ് കുമാറിനോട് സഹകരിക്കണം എന്നാവശ്യപ്പെട്ടും രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ എത്തിയ സിബിഐ സംഘത്തെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത ബംഗാൾ പോലീസിനും സംസ്ഥാന സർക്കാരിനും എതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജികൾ ആണ് കോടതി പരിഗണിക്കുക.
രാജീവ് കുമാർ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു. എന്നൽ ഇതിന് തെളിവുണ്ടെങ്കിൽ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ അടങ്ങിയ സത്യവാങ്മൂലം സിബിഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം. കൂടുതൽ തെളിവുകൾ സീൽ ചെയ്ത കവറിൽ ഇന്ന് സമർപ്പിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here