Advertisement

ശബരിമല പൊതുക്ഷേത്രം; ദൈവത്തിന് ലിംഗവിവേചനമില്ല: കനകദുര്‍ഗയ്ക്കുവേണ്ടി ഇന്ദിരാ ജയ്‌സിംഗ് സുപ്രീംകോടതിയില്‍

February 6, 2019
Google News 0 minutes Read

ശബരിമല പൊതുക്ഷേത്രമാണെന്നും ആരുടേയും കുടുംബ ക്ഷേത്രമല്ലെന്നും കനകദുര്‍ഗയ്ക്ക് വേണ്ടി ഇന്ദിരാ ജയ്‌സിംഗ് സുപ്രീംകോടതിയില്‍. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ ആര്‍ക്കും തടയാന്‍ ആകില്ല. അത് അവരുടെ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യമാണ്. ദൈവത്തിനു ലിംഗ വിവേചനമില്ല. സ്ത്രീകളും വ്യക്തികളാണെന്നും ഇന്ദിരാ ജയ്‌സിംഗ് വാദിച്ചു.

കനകദുര്‍ഗയ്ക്കും ബിന്ദുവിനും വധഭീഷണിയുണ്ട്. അവരെ കൊല്ലുമെന്ന് ജനക്കൂട്ടം ആര്‍ത്ത് വിളിച്ചു. ബിന്ദു ദളിത് സ്ത്രീയാണ്. അവരുടെ അമ്മയ്ക്കും വധഭീഷണി ഉണ്ട്. സമൂഹം മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്. സ്ത്രീകള്‍ക്ക് തടസങ്ങളില്ലാതെ ക്ഷേത്ര പ്രവേശനം അനുവദിക്കുകയാണ് വേണ്ടത്. തുല്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനം തുല്യതയാണെന്നും ഇന്ദിര പറഞ്ഞു.

അയിത്തം കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഇന്ദിരാ ജയ്‌സിംഗ് ശ്രമിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 കേസിന് ബാധകമെന്ന് അഭിഭാഷക പറഞ്ഞു. ശുദ്ധിക്രിയ ചെയ്തത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന് തെളിവാണ്. ശുദ്ധിക്രിയ സ്ത്രീയുടെ വികാരത്തെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. സ്ത്രീകള്‍ മലിനമാണ് എന്ന് പറയാനാണ് ശുദ്ധിക്രിയയിലൂടെ ക്ഷേത്രം തന്ത്രി ഉള്‍പ്പെടെ ശ്രമിച്ചതെന്നും ഇന്ദിര ജയ്‌സിംഗ് വാദിച്ചു. സ്ത്രീകള്‍ യുദ്ധത്തിന് പോകുന്ന കാര്യം ഇന്ദിരാ ജയ്‌സിംഗ് ചൂണ്ടിക്കാട്ടിയപ്പോള്‍, തീര്‍ച്ചയായും ഉണ്ടെന്ന് ജസ്റ്റിസ് ആര്‍ എസ് നരിമാന്‍ അഭിപ്രായപ്പെട്ടു. ഇന്ദിര ജയ്‌സിംഗിന്റെ വാദം പൂര്‍ത്തിയായി.

അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തന്നെയാണ് ശബരിമല വിഷയത്തില്‍ ഉള്ളതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി പുനഃപ്പരിശോധിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ബോര്‍ഡ് നിലപാട് മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റിയെന്നും വേണമെങ്കില്‍ അക്കാര്യം കാട്ടി അപേക്ഷ ഫയല്‍ ചെയ്യാമെന്നും ബോര്‍ഡ് പറഞ്ഞു. യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ മാനിക്കാന്‍ തീരുമാനിച്ചതായി ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here