മമ്മൂക്കയെ അര്‍ഹിക്കുന്ന തിരക്കഥ വേണം; വെറുതെ ഒരു തിരക്കഥയുമായി ചെന്നാല്‍ അത് അപമാനിക്കുന്നതിന് തുല്യം: പൃഥ്വിരാജ്

മമ്മൂട്ടിയെവെച്ച് സിനിമ ചെയ്യുക എന്നത് സ്വപ്‌നമെന്ന് പൃഥ്വിരാജ്. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരവായിരിക്കും. വെറുതെ ഒരു തിരക്കഥയുമായി ചെന്നാല്‍ അത് മമ്മൂട്ടിയെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു തിരക്കഥ ലഭിച്ചാലെ അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും പൃഥ്വിരാജ് പറഞ്ഞു.
എനിക്ക് എന്നെ വെച്ച് സിനിമ ചെയ്യാവുന്നത് പോലെ മമ്മൂട്ടിയെവെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. ഒരു നല്ല തിരക്കഥ ലഭിച്ചാല്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന 9 തിയേറ്ററില്‍ എത്തുന്നതിന് മുന്നോടിയായി ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രേക്ഷകരോട് സംസാരിക്കുന്നതിനിടെയാണ് പൃഥ്വിരാജ് മമ്മൂട്ടിയെവെച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിലൂടെ സംവിധാന രംഗത്ത് കൈയ്യൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവരുമോ എന്ന ചോദ്യത്തിന് അത് എങ്ങനെ കട്ട് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്ന് പൃഥ്വിരാജ് തമാശരൂപത്തില്‍ പറഞ്ഞു. നയണ്‍ റിലീസ് ചെയ്യുന്ന ദിവസം ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തുവരില്ലെന്നും പൃഥ്വി പറഞ്ഞു. ഒരു നടനായി ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സംവിധാനം താന്‍ ഇഷ്ടപ്പെടുന്ന ഒരു മേഖല മാത്രമാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 2018 ഡിസംബര്‍ 13 ന് ആദ്യ ടീസര്‍ പുറത്തിറങ്ങി. 2019 മാര്‍ച്ച് 28 ന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here