ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്റെ കൈയ്യിലുള്ളത് 664 കോടി രൂപ

ലോട്ടറി ഇനത്തിൽ സർക്കാറിന് ബംബർ അടിച്ചു. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിൻറെ കയ്യിലുള്ളത് 664 കോടി രൂപയാണ്. ഈ തുക വകമാറ്റി ചെലവഴിക്കാതെ ലോട്ടറി ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കണമെന്നാണ് ആവശ്യം. ട്വൻറി ഫോർ എക്സ്ക്ലൂസീവ്.
2010 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ കാരണങ്ങൾകൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിൻറെ കൈവശമുള്ളത് 663 കോടി 96 ലക്ഷത്തിൽ പരം രൂപയാണ്. ലോട്ടറിയടിച്ചാൽ ടിക്കറ്റ് ഒരുമാസത്തിനകം ലോട്ടറി ഡിപ്പാർട്ട്മെൻറിൽ ഹാജരാക്കിയാൽ മാത്രമേ സമ്മാനാർഹമായ തുക ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ ടിക്കറ്റ് ഹാജരാക്കതിരിക്കുക, ഹാജരാക്കിയ ടിക്കറ്റ് എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടാവുക, തുടങ്ങിയ കാരണങ്ങൾ കൊണ്ടൊക്കെ സമ്മാനാർഹമായ തുക ലോട്ടറി ഡിപ്പാർട്ട്മെൻറ് വിതരണം ചെയ്യാതിരിക്കും. നിലവിൽ സർക്കാറിൻറെ സഞ്ചിത ഫണ്ടിലാണ് വിതരണം ചെയ്യാത്ത 664 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാർ കൃത്യമായ രീതിയിൽ വിനിയോഗിക്കണമെ ന്നാണ് ആവശ്യമുയരുന്നത്.
ലോട്ടറി ഡിപ്പാർട്ട്മെന്റിന്റെ തന്നെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here