ദേശീയ ജൂനിയർ വനിതാ ഹോക്കി; എ ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച

ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് എ ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച്ച നടക്കും.ജാർഖണ്ഡ് ഉത്തർപ്രദേശിനെയും ഹരിയാന മിസോറാമിനെയും സെമിഫൈനലിൽ നേരിടും.
ക്വാർട്ടർ ഫൈനലിൽ ആദ്യ മത്സരത്തിൽ ജാർഖണ്ഡ് ചണ്ഡിഗഡിനെ 5-4 നു പരാജയപ്പെടുത്തിയിരുന്നു. അൽബേല ടോപ്പോ ജാർഖണ്ഡിന് വേണ്ടി രണ്ടു ഗോളുകൾ നേടി. കഴിഞ്ഞ മത്സരങ്ങളേക്കാൾ മികച്ച കളി പുറത്തെടുത്ത ചണ്ഡീഗഢ് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നുവെങ്കിലും ജാർഖണ്ഡ് ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു. ചണ്ഡീഗഡിന് വേണ്ടി കവിത രണ്ടു ഗോളുകൾ നേടി.
രണ്ടാമത്തെ മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ ഉത്തർപ്രദേശിന്റേത് ഏകപക്ഷീയമായ ജയമായിരുന്നു. അനുരാധ പാൽ ,അർച്ചന ഭരദ്വാജ്,സപ്ന ദേവി എന്നിവർ ഗോളുകൾ നേടി. ആദ്യാവസാനം ആവേശം നിറഞ്ഞ മറ്റൊരു മത്സരത്തിൽ ഹരിയാന മധ്യപ്രദേശിനെ 2-1 നു തോൽപ്പിച്ചു.
കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാത്തത് മധ്യപ്രദേശിന് തിരിച്ചിയായി. കളിക്കാരുടെ എണ്ണം പത്തായി ചുരുങ്ങിയപ്പോഴും പ്രതിരോധത്തിലെ മികവ് മത്സരം ഹരിയാനക്ക് അനുകൂലമാക്കി. ക്യാപ്റ്റൻ അമർദീപ് കൗർ അനു , എന്നിവർ ഹരിയാനക്ക് വേണ്ടി ഗോൾ നേടിയപ്പോൾ സാധന സെൻഗർ മധ്യപ്രദേശിന് വേണ്ടി ആശ്വാസ ഗോൾ നേടി. ഉച്ച തിരിഞ്ഞു നടന്ന മത്സരത്തിൽ മിസോറാം ഒഡീഷയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. പാസിംഗുകളുടെ കൃത്യതയും ശക്തമായ പ്രതിരോധവും മിസോറാമിന് കാര്യങ്ങൾ എളുപ്പമാക്കി.ലാൽറിൻഫെലി ,ലാൽനിപുലി, മറീന ലൽറാംഖക്കി എന്നിവർ മിസോറാമിനു വേണ്ടി ഗോൾ വല ചലിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here