ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ മലയാളി തിളക്കം; മാളവികയ്ക്ക് ഇത് സ്വപ്നക്കുപ്പായം

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന എ.എഫ്.സി.ഏഷ്യൻ കപ്പ് വനിതാ ഫുട്‌ബോൾ ഫൈനൽ റൗണ്ടിന് ഇന്ത്യ യോഗ്യത നേടിയപ്പോൾ ടീമിൽ കളിക്കാരിയായി പി. മാളവികയും അസി.കോച്ചായി പി.വി. പ്രിയയും കേരളത്തിന്റെ പ്രതിനിധികളായുണ്ടായിരുന്നു. കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ ഒരു മലയാളി താരം സ്ഥാനം കണ്ടെത്തിയത്. 1999 നവംബറിൽ ഫിലിപ്പീൻസിൽ നടന്ന പന്ത്രണ്ടാമത് ഏഷ്യൻ വിമൻസ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ബെന്റ്‌ല ഡിക്കോത്തയാണ് ഇതിനു മുമ്പ് അവസാനമായി ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിലെത്തിയ കേരള താരം. പിന്നീട് ഫിഫ റഫറിയായി മാറിയ ബെന്റ്ല 1998 ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു.
പക്ഷേ, വനിതാ ഫുട്ബോളിൽ മലയാളി താരങ്ങൾക്ക് തിളക്കമാർന്നൊരു ചരിത്രമുണ്ട്. ഒപ്പം സീനിയർ ടീമിൽ മലയാളി പ്രാതിനിധ്യമില്ലായിരുന്ന കാൽ നൂറ്റാണ്ടിൽ ജൂനിയർ തലത്തിൽ മലയാളികൾ ഇന്ത്യക്ക് കളിച്ചിരുന്നു താനും. മാളവികയ്ക്കു മുമ്പ്, ഇന്ത്യൻ ഫുട്സാൽ (futsal) ടീമിൽ കളിച്ച കേരള താരം അൽഫോൻസിയയെയും വിസ്മരിക്കാനാവില്ല.
ചൈനീസ് തായ്പേയിൽ 1981ൽ നടന്ന രണ്ടാമത് ഇൻവിറ്റേഷൻ വനിതാ ലോക കപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിൻ്റെ മുന്നേറ്റ നിരയിൽ ഒരു മലയാളി താരമുണ്ടായിരുന്നു. സരസമ്മ ലളിത. നേരത്തെ 1979-80 ൽ കോഴിക്കോട്ടും 1980-81 ൽ ഹോങ്കോങ്ങിലും നടന്ന ഏഷ്യൻ കപ്പിൽ ലളിത കളിച്ചു. കോഴിക്കോട് ഏഷ്യൻ കപ്പിൻ്റെ ഇന്ത്യൻ ക്യാംപിൽ ബി.മേരിയും ട്രീസ മാർഗരറ്റും ഉണ്ടായിരുന്നു. പിന്നീട് ജി. അയോണ 1983-84 ൽ തായ്ലൻഡിൽ ഏഷ്യൻ കപ്പിൽ ഇന്ത്യൻ കുപ്പായമിട്ടു. ഉഷയും സജിതയുമൊക്കെ സുബ്രതോ കപ്പിൽ വിദേശത്തു കളിച്ചവരാണ്. വനിതാ ഫുട്ബോൾ അസോസിയേഷനെ 1971ൽ ഫിഫ അംഗീകരിച്ചെങ്കിലും വനിതാ ഫുട്ബോൾ ഫിഫയുടെ കുടക്കീഴിൽ വന്നത് 1991 ൽ മാത്രമാണ്. ഫിഫ അംഗീകരിച്ച മത്സരങ്ങളിൽ ഇന്ത്യൻ നിരയിൽ മലയാളി സാന്നിധ്യം ബെന്റ്ലയിലൂടെ സാധ്യമായി. ബെന്റ്ലയ്ക്കു ശേഷമുണ്ടായ ശൂന്യതയാണ് ഇപ്പോൾ നികത്തപ്പെട്ടത്.
ഈ വർഷം ജനുവരിയിൽ ഇന്തൊനീഷ്യയിൽ നടന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് വനിതാ ഫുട്‌സാൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ച ഇന്ത്യൻ ടീമിലും ഒരു മലയാളിയുണ്ടായിരുന്നു. മിഡ്ഫീൽഡർ എം.അൽഫോൻസിയ. ഇന്ത്യൻ വനിതാ ഫുട്‌സാൽ ടീമിൽ കളിച്ച ആദ്യ കേരള താരമാണ് അൽഫോൻസിയ. നാല് ഗ്രൂപ്പുകളിലായി 19 ടീമുകൾ മത്സരിച്ച എ.എഫ്.സി. വിമൻസ് ഫുട്‌സാൽ ഏഷ്യൻ കപ്പ് നാലു രാജ്യങ്ങളിലായി നടന്നു. ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് ‘ബി’ മത്സരങ്ങൾ ഇന്തൊനീഷ്യയിൽ ആയിരുന്നു. അഞ്ചു പേരുടെ ടീം ചെറിയ കോർട്ടിൽ കുറഞ്ഞ സമയം കളിക്കുന്ന ഫുട്സാലിനെ വേറിട്ടു കാണണമെങ്കിലും ഇന്ത്യയുടെ 14 മുൻനിര ഫുട്ബോൾ താരങ്ങളാണു മത്സരിച്ചത് എന്ന് ഓർക്കണം. അതിലൊരാളായിരുന്നു അൽഫോൻസിയ.
തുടർന്നെത്തിയ മാളവിക തായ്ലൻഡിൽ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിൽ മംഗോളിയയ്‌ക്കെതിരെ സബ്‌സറ്റിട്യൂട്ട് ആയി ഇറങ്ങി ഒരു ഗോൾ അടിച്ചു. പിന്നീട് രണ്ടു മത്സരങ്ങൾ കൂടി കളിച്ചു കാസർകോട് നീലേശ്വരം ബങ്കളത്ത് പരേതനായ എം.പ്രസാദിന്റെയും എ.മിനുയുടെയും പുത്രിയാണ് മാളവിക, പതിനൊന്നാം വയസ്സിൽ മാളവികയ്ക്ക് പിതാവിനെ നഷ്ട്‌പ്പെട്ടതാണ്. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ എത്തിയ മാളവിക ഉസ്ബക്കിസ്ഥാനെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു. ബെംഗളൂരുവിലെ മിസാക യുണൈറ്റഡ്, ട്രാവൻകൂർ എഫ്.സി, കെമ്പ് എഫ്.സി., കൊൽക്കത്ത റയിൻബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകൾക്കു വേണ്ടി കളിച്ചു. തമിഴ്‌നാട്ടിലെ(മധുര) സേതു എഫ്.സി.ക്കായി കഴിഞ്ഞ സീസണിൽ ഇന്ത്യൻ വനിതാ ലീഗിൽ തിളങ്ങി. തൃശ്ശൂർ കാർമൽ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിനി.
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള അൽഫോൻസിയ നാലുവർഷം ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്തു. മേരി ദാസന്റെയും മരിയ ഗൊരീറ്റിയുടെയും പുത്രി. ഇന്ത്യൻ വനിതാ ലീഗിൽ പോയ സീസണിൽ ഗോവയിലെ റൂട്ട്‌സ് എഫ്.സി.യുടെ താരമായിരുന്നു. കേരള സർവ്വകലാശാലാ നായിക, ഇന്ത്യൻ വാഴ്‌സിറ്റീസ് താരം. കോവളം എഫ്.സി., ലൂക്ക സോക്കർ ക്ലബ്, എമിറേറ്റ്‌സ് എഫ്.സി., ലോർഡ്‌സ് എഫ്.സി., ട്രാവൻകൂർ റോയൽസ് എന്നീ ക്ലബുകൾക്കും കളിച്ചിരുന്നു. കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ നിന്ന് എം.പിഎഡ് പൂർത്തിയാക്കിയ അൽഫോൻസിയ പരിശീലകയുടെ റോളിലും സജീവമാണ്.
സീനിയർ ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യം ഇല്ലാതെ പോയ കാലത്ത് ജൂനിയർ തലത്തിൽ മികവുകാട്ടിയവരും എണ്ണപ്പെടണം. കോഴിക്കോട് നടക്കാവ് സ്വദേശിനി ടി.നിഖില 2009 ൽ ശ്രീലങ്കയിൽ എ.എഫ്.സി.അണ്ടർ 14, 2010 ൽ അമ്മാനിൽ അണ്ടർ 16, 2014ൽ അമ്മാനിൽ തന്നെ അണ്ടർ 19 ടൂർണമെൻ്റുകളിൽ ഇന്ത്യക്കു കളിച്ചു. 2014ൽ ഇന്ത്യൻ സീനിയർ ക്യാംപിൽ എടുത്ത അഞ്ച് ജുനിയർ താരങ്ങളിൽ ഒരാളായിരുന്നു. 2015ൽ വീണ്ടും സീനിയർ ഇന്ത്യൻ ക്യാംപിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും പരീക്ഷ കാരണം പോയില്ല. ഇപ്പോൾ പരിശീലക. മലപ്പുറം സ്വദേശിനി സി.ജിബിഷ 2010 ൽ ബംഗ്ലാദേശിൽ എ.എഫ്.സി.അണ്ടർ 19 ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിൽ കളിച്ചു. 2015ൽ ദേശീയ ഗെയിംസിൽ സംസ്ഥാന നായികയായിരുന്നു. ബി.പി.എഡ് ബിരുദധാരിയായ ജിബിഷ ഇപ്പോൾ തിരൂരിൽ ആർ.എം.എസ്സിൽ ജോലി നോക്കുന്നു.
കോഴിക്കോട് സ്വദേശിനി വൈ .എം.ആഷ്ലി 2009-10ൽ ഇന്ത്യയുടെ അണ്ടർ 14 ടീമിൽ കളിച്ചു. ഒൻപതു തവണ ദേശീയ ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത ആഷ്ലി ഇപ്പോൾ ത്രിച്ചിയിൽ പരിശീലനം തുടരുന്നു. കാസർകോട്ടുനിന്നുള്ള എസ്.ആര്യശ്രീ 2018 ൽ ഭൂട്ടാനിൽ സാഫ് അണ്ടർ 15 ലും മംഗോളിയയിൽ എഎഫ്.സി.അണ്ടർ 16 ടൂർണമെൻ്റിലും ഇന്ത്യക്കു കളിച്ചു. 2023 ൽ ധാക്കയിൽ നടന്ന സാഫ് ഫുട്‌ബോളിൽ ഷിൽജി ഷാജിയും അഖില രാജനും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞു.ഇരുവരും കണ്ണൂർ സ്പോർട്സ് ഡിവിഷനിലൂടെ വളർന്നവരാണ്. മാളവികയിലൂടെ കേരളം വനിതാ ഫുട്ബോളിൽ വീണ്ടും ശ്രദ്ധിക്കപ്പെടുമ്പോൾ പല ജൂനിയർ താരങ്ങൾക്കും മുന്നേറാൻ ആത്മവിശ്വാസം കൈവരും.
Story Highlights : P Malavika Malayali return to Indian women football team after 26 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here