സാവകാശ ഹർജിക്ക് പ്രസക്തി നഷ്ടപ്പെട്ടു; പത്മകുമാറിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ

സുപ്രീം കോടതി വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് പത്മകുമാറിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ. സാവകാശ ഹർജിക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് പറഞ്ഞ കടകംപള്ളി ദേവസ്വം ബോർഡ് പ്രസിഡന്റിനെ നീക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും വ്യക്തമാക്കി. പ്രസിഡന്റായി പത്മകുമാർ തന്നെ തുടരും. പ്രസിഡന്റിനും ദേവസ്വം കമ്മീഷണർക്കും ഇടയിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഇരുവരുമായും താൻ ഇന്നലെത്തന്നെ സംസാരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം കമ്മീഷണർ പ്രസിഡൻറ് എന്നിവരെ സിപിഎം സംസ്ഥാനസെക്രട്ടറി കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുമായി ബന്ധമുള്ളവർ കോടിയേരിയെ കാണുമെന്നും ശബരിമല കേസിൽ സാവകാശത്തിന് പ്രസക്തിയില്ലെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും വ്യക്തമാക്കി. കോടതിയിൽ അറിയിച്ചത് യുവതിപ്രവേശനം ബന്ധപ്പെട്ട ദേവസ്വംബോർഡിന്റെ നിലപാടാണ്. കോടിയേരിയെ കണ്ടതിൽ അസ്വാഭാവികതയില്ല. കോടിയേരിയെ കണ്ടത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വ്യത്യസ്ത അഭിപ്രായത്തെക്കുറിച്ച് പറയാനാണ്. ബോർഡ് പ്രസിഡന്റ് രാഷ്ട്രീയ നിയമനം ആയതുകൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എന്‍ വാസു വ്യക്തമാക്കി.
അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും. രണ്ടു ദിവസത്തിനകം യോഗം ചേരുമെന്നാണ് സൂചന. ബോർഡ് പ്രസിഡൻറ് എ പത്മകുമാറും കമ്മിഷണർ എൻ വാസുവും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒരു ഭാഗത്ത് ,മറുഭാഗത്ത് കമ്മിഷണറും ബോർഡ് അംഗങ്ങളും അങ്ങനെയാണ് നിലവില്‍ ദേവസ്വം ബോര്‍ഡിലെ സ്ഥിതി. ശബരിമല യുവതി പ്രവേശന വിഷയത്തിനു ശേഷം മുതല്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവസ്ഥ ഇതാണ്. സാവകാശ ഹർജി നൽകിയ ബോർഡ് സുപ്രീം കോടതിയിൽ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കും മുമ്പ് പത്മകുമാർ അറിഞ്ഞതുമില്ല. ഈ നിലയിൽ തുടരാൻ താനില്ലെന്ന കാര്യം പത്മകുമാർ കോടിയേരി ബാലകൃഷ്ണനെ ഫോണിലൂടെ അറിയിച്ചിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.രാജഗോപാലൻ നായർ , ദേവസ്വം കമ്മിഷണർ എൻ വാസു, അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് ബോർഡിന്റെ തീരുമാനങ്ങൾ എടുക്കുന്നതെന്ന ആരോപണമാണ് പത്മകുമാറിനുള്ളത്. പത്മകുമാർ രാജിവെയ്ക്കാൻ സാധ്യത കുറവാണെങ്കിലും അടിയന്തര ദേവസ്വം ബോർഡ് യോഗം രണ്ടു ദിവസത്തിനകം ചേർന്നേക്കും. സുപ്രീം കോടതിയിൽ നിലപാട് സ്വീകരിക്കാൻ ഇടയായ സാഹചര്യം കമ്മിഷണർ ഈ യോഗത്തിൽ വിശദീകരിക്കുമെന്നാണ് സൂചന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here