റീ ബില്‍ഡ് കേരളയുടെ ഭാഗമായുള്ള സഹായ വിതരണം ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍

റീ ബില്‍ഡ് കേരളയുടെ ഭാഗമായുള്ള സഹായ വിതരണം ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച്ചയ്ക്ക് മുന്നെ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കഴിഞ്ഞാല്‍ പിന്നീട് സഹായ വിതരണം തടസപ്പെടുമെന്നതിനാല്‍ ഇത് സംബന്ധിച്ച അടിയന്തിര നിര്‍ദ്ദേശം ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ 30 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ച എല്ലാ വീടുകള്‍ക്കും മാനദണ്ഡമനുസരിച്ചുള്ള സഹായം നല്‍കാനാണ് നിര്‍ദ്ദേശമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലയാണ് ആലപ്പുഴ. അതിനാല്‍ തന്നെ ഇവിടെ സഹായവിതരണം വൈകുന്നത് വലിയ പരാതികള്‍ക്ക് ഇടവെച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പത്താം തീയതിക്കുള്ളില്‍ റീ ബില്‍ഡ് ആപ് വഴി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാര തുക എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് സാഹയ വിതരണം പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക നിര്‍ദ്ദേശം നല്‍കി. 30 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായ വീടുകള്‍ക്കാണ് ഇനി സഹായം വിതരണം പൂര്‍ത്തീകരിക്കാനുള്ളത്.
15 ശതമാനം വരെ നാശം സംഭവിച്ച വീടുകള്‍ക്കുള്ള സഹായ വിതരണം ജില്ലയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 1,6300 പേര്‍ ഈ വിഭാഗത്തില്‍ മാത്രം ജില്ലയില്‍ സഹായ ധനം സ്വീകരിച്ചിട്ടുണ്ട്. 16 മതല്‍ 29 ശതമാനം വരെ നഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള നഷ്ടപരിഹാരം 99 ശതമാനം പൂര്‍ത്തീകരി്ച്ചതായും കളക്ടര്‍ അറിയിച്ചു. 1162 വീടുകള്‍ ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യ ഘട്ട തുക അനുദിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ക്ക് കൂടി നഷ്ടപരിഹാരം രണ്ട് ദിവസത്തിനുള്ളില്‍ നല്‍കി തീര്‍ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.
അതേസമയം അര്‍ഹരായ പലരും നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ഒഴിവായെന്ന എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് പതിനായിരം അപ്പീലുകള്‍ ഇതുവരെ ലഭിച്ചുവെന്നും അപ്പീല്‍ കമ്മറ്റി പരിശോധിച്ച് ഈ മാസം തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി. സഹായ വിതരണത്തിന് കാത്ത് നില്‍ക്കാതെ വീട് അറ്റകുറ്റ പണികള്‍ നടത്തിയവര്‍ക്കും നഷ്ടപരിഹാര തുക നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഹായധനം ലഭിച്ചവര്‍ മാര്‍ച്ച് മാസം അവസാനത്തോടെ വീട് പണികള്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം 24 നോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here