പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍; തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍. ബംഗാളിലെ ചുരാബന്ധരില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മമതയുടെ 46 മണിക്കൂര്‍ നീണ്ട് നിന്ന ധര്‍ണ സമരത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്.
അതിനാല്‍ തന്നെ മമതക്കുളള മറുപടി ഇന്നത്തെ റാലിയില്‍ പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശാരദചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റു ചെയ്യാനെത്തിയ സിബിഐ സംഘത്തെ പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇതിനു പിന്നാലെ ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരായി മുഖ്യമന്ത്രി മമത ബാനര്‍ജി ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു.
Read Also: റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്
അതിനിടെ നേരത്തെ ബംഗാളില്‍ ബിജെപി റാലികളില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായ്ക്കും യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗ്ഗമാണ് കഴിഞ്ഞയാഴ്ച ബംഗാളിലെത്തിയത്. ബിജെപി നേതാക്കളെ ബംഗാളില്‍ കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി നേതൃത്വം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി ഇന്ന് ബംഗാളിലെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here