Advertisement

മൂന്നാം സീറ്റ് വേണമെന്ന അഭിപ്രായം ലീഗിനുണ്ട്; പതിനെട്ടാം തീയതിയിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യം ഉന്നയിക്കുമെന്ന് കെപിഎ മജീദ്

February 10, 2019
Google News 0 minutes Read

മൂന്നാം സീറ്റ് സംബന്ധിച്ച് പതിനെട്ടാം തീയതിയിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യമുന്നയിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ മുന്നിണിയിലെ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലീം ലീഗില്‍ ഉയര്‍ന്നിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്നും കെപിഎ മജീദ് പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. യുഡിഎഫാണ് സീറ്റ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. മുസ്ലീം ലീഗിലെ അന്തിമ തീരുമാനം പാണക്കാട് ശിഖാബ് തങ്ങളുടേതാണെന്നും മജീദ് വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തുവെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് തീരുമാനം. ഇതിനായി ശക്തമായി രംഗത്തിറങ്ങും. നിലവിലെ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായി. രണ്ടോ മൂന്നോ സീറ്റിന്റെ കാര്യമല്ലെന്നും അതിലേറെ സീറ്റുകള്‍ ലഭിക്കാനുള്ള ശ്രമത്തിലാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം ലീഗിനുള്ള വോട്ടുകള്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉപയോഗപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും പറഞ്ഞു. ഫാസിസ്റ്റ് ശക്തികളുമായോ അവരുമായി ചങ്ങാത്തമുള്ളവരുമായോ സഖ്യം വേണ്ടെന്നാണ് തീരുമാനം. ആകെ പ്രതീക്ഷയുള്ളത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിലാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് ലീഗില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിനായി മൂന്നാം സീറ്റ് ചോദിക്കണമെന്ന നിലപാടാണ് പല നേതാക്കള്‍ക്കുമുള്ളത്. മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്നും ലീഗ് നേതൃത്വം പിന്നോട്ട് പോയാല്‍ അത് അണികള്‍ക്കിടയില്‍ ഏത് രീതിയിലാണ് പ്രതിഫലിക്കുക എന്ന് നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്. സീറ്റ് മുന്നണിയില്‍ ചോദിച്ച് ലഭിക്കാതെ പോയാല്‍ അതും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here