ഫിറോസിനെ തള്ളി എ.കെ.ബാലന്‍; നിയമനം സ്‌പെഷല്‍ റൂള്‍സ് പ്രകാരം

കിര്‍ത്താഡ്‌സില്‍ യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തിയെന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി എ.കെ.ബാലന്‍. സ്‌പെഷല്‍ റൂള്‍സ് പ്രകാരമാണ് നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ചട്ടം 10 പ്രകാരം കൊടുത്ത പ്രൊട്ടക്ഷന്‍ പ്രകാരമാണ് നിയമനം സ്ഥിരപ്പെടുത്തിയത്. തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതായിരുന്നെന്നും എ.കെ.ബാലന്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കുറച്ച് മാന്യത കാണിക്കണം. സുതാര്യമല്ലാത്ത ഒരു പ്രവര്‍ത്തനവും തന്റെ വകുപ്പില്‍ ഉണ്ടാകില്ല. അതിന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നേതൃത്വം കൊടുത്താല്‍ ആ ഉദ്യോഗസ്ഥന്‍ വകുപ്പില്‍ ഉണ്ടാകില്ല. ഇത് താന്‍ വി.എസ്.മന്ത്രിസഭയുടെ കാലത്ത് തെളിയിച്ചിട്ടുള്ളതാണ്. തന്റെ അസി.പ്രൈവറ്റ് സെക്രട്ടറി മണി ഭൂഷണിന്റെ നിയമനം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങളാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉന്നയിച്ചിരിക്കുന്നതെന്നും എ.കെ.ബാലന്‍ പറഞ്ഞു.
Read Also: ഉറിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി.
മന്ത്രി എ.കെ.ബാലന്‍ കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നേരത്തെ രംഗത്തു വന്നിരുന്നു. പട്ടികജാതിപട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍ മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത 4 പേരെ സ്ഥിരപ്പെടുത്തിയെന്നാണ് ഫിറോസിന്റെ ആരോപണം. അസി.പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷണിനെ കിര്‍ത്താഡ്‌സില്‍ ചട്ടവിരുദ്ധമായി സ്ഥിരനിയമനം നല്‍കിയെന്നും നിയമവകുപ്പിന്റെയും ഭരണപരിഷ്‌ക്കാര വകുപ്പിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടായിരുന്നു നാല് നിയമനങ്ങളെന്നും ഫിറോസ് പറഞ്ഞു.
മതിയായ യോഗ്യതയില്ലാത്തെവരെയാണ് ചട്ടം മറികടന്ന് അനധികൃതമായി നിയമിച്ചിരിക്കുന്നത്. എം.ഫിലും പി.എച്ച്.ഡി.യും യോഗ്യത വേണ്ടിടത്ത് എം.എ.ക്കാര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനം. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനും വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്കും ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ് കിര്‍ത്താഡ്‌സിലെ 4 പേരെ അനധികൃതമായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
Read Also: ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം
എന്നാല്‍ വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവരെ ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് വകവെയ്ക്കാതെ നിയമനം നടത്തിയത് ഗൗരവകരമാണ്.ബന്ധുക്കളെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുക്കള്‍ക്കും സര്‍ക്കാര്‍ ജോലി ഇഷ്ടദാനമാക്കി നല്‍കുകയാണ്. നാലു നിയമനങ്ങളും റദ്ദാക്കണമെന്നും മന്ത്രി എ.കെ.ബാലനെതിരെ അന്വേഷണം നടത്തണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here