ജർമൻ കുടിയേറ്റ രക്ഷാക്കപ്പലിന് അലൻ കുർദിയുടെ പേര്

മെഡിറ്ററേനിയൻ കടലിലെ ജർമൻ കുടിയേറ്റ രക്ഷാക്കപ്പൽ ഇനി അറിയപ്പെടുക അലൻ കുർദിയുടെ നാമത്തിൽ. ജർമൻ സന്നദ്ധ സംഘടനയായ സീ ഐ യാണ് തുർക്കി കടൽത്തീരത്ത് ചേതനയറ്റു കിടന്ന 3 വയസുകാരൻ അലൻ കുർദി എന്ന സിറിയൻ അഭയാർത്ഥി ബാലന്റെ പേര് രക്ഷാക്കപ്പലിന് നൽകിയത് മെഡിറ്ററേനിയൻ തീരത്ത് മണലിനെ ചുംബിച്ചു കിടന്ന അലൻ കുർദി എന്ന പിഞ്ചുബാലനെ ലോകം മറന്നുകാണില്ല . സിറിയൻ അഭയാർത്ഥിയെന്നായിരുന്നു ഔദ്യോഗിക രേഖകൾ അവനു നൽകിയ വിശേഷണം . ചുവപ്പു ബനിയനും നീലനിക്കറുമണിഞ്ഞ, ചേതനയറ്റ അവന്റെ ചിത്രം വാർത്താമാധ്യമങ്ങളിലെ വലിയ തലക്കെട്ടുകൾക്കുമപ്പുറം കണ്ണിൽ നിന്ന് മായാത്ത കാഴ്ചയായിരുന്നു.
സ്‌പെയിനിലെ മലോർക്ക ദ്വീപിന്റെ തലസ്ഥാനനഗരിയിൽ ഒരുങ്ങിയ വേദി ഒരിക്കൽ കൂടി അലൻ കുർദി എന്ന ബാലനെക്കുറിച്ചുള്ള ഓർമ്മയായി. മുൻപ് പ്രൊഫസർ ആൽബർക് പെൻക് എന്ന പേരിലറിയപ്പെട്ടിരുന്ന രക്ഷാക്കപ്പൽ അലൻ കുർദി എന്ന പേരിൽ പുനർനാമകരണം ചെയ്തത് ഈ വേദിയിൽ വെച്ചാണ്. അലന്റെ പിതാവ് അബ്ദുള്ള കുർദിയും പിതൃസഹോദരി തിമ കുർദിയുമുൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. മകന്റെ പേരിൽ ഒരു രക്ഷാക്കപ്പൽ അറിയപ്പെടുന്നതിൽ താൻ സന്തുഷ്ടനാണെന്ന് അലൻറെ പിതാവ് അബ്ദുള്ള കുർദി പറഞ്ഞു.
Read more: കരക്കടിയുന്ന കുഞ്ഞുമുഖങ്ങളിൽ അലൻ കുർദിക്കൊപ്പം ഇനി മാർട്ടിനും
കാനഡയിലേക്കുള്ള വിസ തുർക്കി സർക്കാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് നിയമവിരുദ്ധമായി അബ്ദുള്ളയും കുടുംബവും നടത്തിയ യാത്ര അവസാനിച്ചത് ദുരന്തമുഖത്തായിരുന്നു. കടലിൽ മുങ്ങിത്താണ വള്ളത്തോടൊപ്പം അബ്ദുള്ളക്ക് ഭാര്യ രെഹന്നയെയും മക്കളായ അലനെയും ഖാലിബിനെയും നഷ്ടമായി. 11 അഭയാർത്ഥികളാണ് അന്ന് ദുരന്തത്തിന് ഇരകളായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here