നാഗേശ്വര റാവുവിന് കോടതിയലക്ഷ്യത്തിന് ശിക്ഷ; ഒരു ലക്ഷം രൂപ പിഴയടക്കണം

മുൻ സിബിഐ ഡയറക്റ്റർ എം നാഗേശ്വർ റാവുവിന് കോടതിയലക്ഷ്യത്തിന് ശിക്ഷ. ഒരു ലക്ഷം പിഴ അടയ്ക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. കോടതി പിരിയുന്നത് വരെ കോടതിയിൽ നിൽക്കാനും നിർദേശമുണ്ട്.
സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മുസ്സാഫർപുർ അഭയ കേന്ദ്രം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ റാവു മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് പറഞ്ഞു. നാഗേശ്വർ റാവു ഇന്നലെ നൽകിയ മാപ്പപേക്ഷയും കോടതി തള്ളി.
ബിഹാർ ഷെൽട്ടർ ഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായിരുന്ന എ കെ ശർമ്മയെ കോടതി വിധി ലംഘിച്ച് നാഗേശ്വര റാവു സ്ഥലം മാറ്റുകയായിരുന്നു. അലോക് വർമ്മയ്ക്കു പിന്നാലെ സിബിഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റപ്പോഴായിരുന്നു നടപടി. ഇതിന് നേരിട്ട് ഹാജരാകാൻ നാഗേശ്വര റാവുവിനോട് കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് നിരുപാധികം മാപ്പപേക്ഷിച്ച് നാഗേശ്വര റാവു കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here