അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവം; ക്രിക്കറ്റ് താരം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക്

മുൻ ഇന്ത്യൻ പേസ് ബൗളർ അമിത് ഭണ്ഡാരിയെ അക്രമിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് . അണ്ടർ 23 ക്രിക്കറ്റ് ടീം അംഗമാണ് അനൂജ് ദേധ. ഡൽഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനാണ് (ഡി.ഡി.സി.എ) താരത്തിന് വിലക്കേർപ്പെടുത്തിത്.
ബുധനാഴ്ച ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശർമയാണ് അനൂജ് ദേധയെ വിലക്കിയതായി പ്രഖ്യാപിച്ചത്. നിയമനടപടികൾക്കൊപ്പം തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളിൽ നിന്നും താരത്തെ വിലക്കുന്നതായി ഡൽഹിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ രജത് ശർമ അറിയിച്ചു.
Read More : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്ഷോഭിച്ച് ഗൗതം ഗംഭീർ
ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ പേരിലാണ് അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഡി.ഡി.സി.എ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ അമിത് ഭണ്ഡാരിയെ ആക്രമിച്ചത്. സംഭവത്തിൽ അനൂജിനെയും സഹോദരൻ നരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിന് മുന്നോടിയായുള്ള ഡൽഹി സീനിയർ ടീമിന്റെ പരിശീലനമത്സരം കണ്ടുകൊണ്ടിരിക്കെയാണ് ആക്രമണം. അനൂജിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം വരുന്ന സംഘമാണ് ആക്രമിച്ചത്.
സഹസെലക്ടർമാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി ഓടിച്ചു. ഭണ്ഡാരി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്നെത്തി ക്രൂരമായി മർദിച്ചുവീഴ്ത്തുകയായിരുന്നു.
തന്നെ മനപ്പൂർവം ഒഴിവാക്കിയതിന് പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് മീഡിയംപേസറായ അനൂജ് ചോദ്യംചെയ്യലിൽ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here