‘മകളോടുള്ള വാത്സല്യത്തോടെ വി എസ് എന്റെ അഭിപ്രായവും തേടും,അത് ശ്രദ്ധയോടെ കേട്ടിരിക്കും, എതിര്‍പ്പുകള്‍ പോലും അംഗീകരിക്കും’; അനുഭവം പറഞ്ഞ് മേഴ്‌സിക്കുട്ടിയമ്മ

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ തനിക്ക് ഊര്‍ജമായത് വി എസിന്റെ പ്രസംഗങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമെന്ന് മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തനിക്ക് ശരിയെന്ന് ബോധ്യപ്പെടുന്ന കാര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകുമായിരുന്ന വി എസ് അച്യുതാനന്ദന്‍ പുതുതലമുറയ്ക്കും ആവേശമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വി എസിനെ ആദ്യം കണ്ടത് മുതല്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ സന്ദര്‍ശിച്ചത് വരെയുള്ള ഓര്‍മകള്‍ മനസില്‍ ജ്വലിച്ചുനില്‍ക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്ത് എത്തിയപ്പോള്‍ ആദരമര്‍പ്പിച്ച ശേഷം ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു ജെ മേഴ്‌സിക്കുട്ടിയമ്മ. (J. Mercykutty Amma on V. S. Achuthanandan)
വി എസിന്റെ ഓര്‍മകള്‍ എങ്ങും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ഒരു സമയമാണിതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്വയം ഒരു തൊഴിലാളിയായിരുന്ന വി എസ് പിന്നീട് പാവപ്പെട്ട തൊഴിലാളികളുടേയും അധസ്ഥിതരുടേയും വിമോചന നായകനായി. സ്ത്രീ, പരിസ്ഥിതി, സാങ്കേതിക വിദ്യ തുടങ്ങിയ എല്ലാ വിഷയങ്ങളിലും അദ്ദേഹം ശരിപക്ഷത്ത് നിലകൊണ്ടു. വി എസിന്റെ കുറിച്ച് ഊഷ്മളമായ ഓര്‍മകളാണുള്ളത്. വി എസിന്റെ ഏതെങ്കിലും അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ അതുള്‍പ്പെടെ പറയാനുള്ള സ്വാതന്ത്ര്യം വിഎസ് തന്നിരുന്നു. പുത്രിയോടുള്ള വാത്സല്യത്തോടെ ആ വിയോജിപ്പുകള്‍ പോലും ശ്രദ്ധയോടെ കേട്ടിരുന്ന് അതിലെ ശരിയേയും അംഗീകരിക്കാന്‍ വി എസിന് മനസുണ്ടായിരുന്നു. അതേസമയം തനിക്ക് ശരിയെന്ന് പൂര്‍ണബോധ്യമുള്ള കാര്യങ്ങളില്‍ നിന്ന് വി എസിനെ പിന്തിരിപ്പിക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Read Also: ജനസാഗരത്തിന് നടുവിലൂടെ ജനനേതാവിന്റെ യാത്ര; ഒരുനോക്ക് കാണാന്‍ തിങ്ങിക്കൂടി ജനം
ജനസാഗരത്തെ തുഴഞ്ഞുനീങ്ങി വിലാപയാത്ര തിരുവനന്തപുരം ജില്ല കടന്ന് കൊല്ലത്തേക്ക് എത്താന്‍ പത്ത് മണിക്കൂറിലേറെ നേരമെടുത്തു. കൊല്ലം ജില്ലയില്‍ വിലാപയാത്ര പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ശേഷം ആലപ്പുഴയിലേക്ക് പ്രവേശിക്കും.
വി എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. കനത്ത മഴ കണ്ടില്ലെന്ന് വച്ച് വി എസ്സിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ ഒരു വട്ടമെങ്കിലും തൊടാന്‍, പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കെങ്കിലും കാണാന്‍ കണ്ണീരൊഴുക്കി ജനസഞ്ചയം കാത്തുനില്‍ക്കുന്ന കാഴ്ച മലയാളിക്ക് ആരാണ് വി എസ്സ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. ‘പോരാളികളുടെ പോരാളീ… ആരുപറഞ്ഞു മരിച്ചെന്ന് ‘ തൊണ്ടപൊട്ടുമാറ് വിളിച്ച് ജനങ്ങള്‍ പ്രിയപ്പെട്ട നേതാവിന്റെ അമരത്വം വീണ്ടും വീണ്ടും പാടിയുറപ്പിക്കുന്നത് വൈകാരിക കാഴ്ചയായി.
ഇന്നലെ രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. രാവിലെയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Story Highlights : J. Mercykutty Amma on V. S. Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here