പത്മനാഭ ക്ഷേത്രക്കേസ്; സംസ്ഥാന സർക്കാരിന്റെ വാദം ഇന്നും തുടരും

പത്മനാഭ ക്ഷേത്രക്കേസിൽ സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീംകോടതിയിൽ ഇന്നും തുടരും. ക്ഷേത്രത്തിന്റെ ഭരണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിൽ മാത്രം നിജപ്പെടുത്തുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന സര്‍ക്കാര്‍ വാദത്തിന്റെ തുടര്‍ച്ചയാണ് ഇന്നും നടക്കുക.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകും എന്നായിരുന്നു ഹൈക്കോടതി വിധി. 2011 ജനുവരി 31 നാണ് ഹൈക്കോടതി ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
ക്ഷേത്ര ഭരണത്തിൽ ക്രമക്കേട് നടക്കുന്നതായി അമിക്കസ് ക്യൂറിയും വിദഗ്ദ്ധ സമിതിയും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ പദ്മനാഭ ക്ഷേത്രത്തിനു സ്വതന്ത്ര ഭരണ സംവിധാനം വേണമെന്നും സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിന്റെ ഭരണത്തിൽ അവകാശം ഉന്നയിച്ച് രാജ കുടുംബം നൽകിയ ഹർജിയിൽ ആണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജസ്റ്റീസ് യു യു ലളിത് അധ്യക്ഷൻ ആയ ബെഞ്ച് ആണ് ഹർജികളിൽ വാദം കേൾക്കുന്നത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഭരണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വർമ്മ ഇന്നലെ പുതിയ ശുപാർശ കോടതിക്ക് കൈമാറിയിരുന്നു.എന്നാല്‍ ഇത് മറ്റ് രാജകുടുംബാംഗങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here