തിരിച്ചു വിളിക്കാമെന്ന വാക്കുപാലിക്കാന്‍ കഴിയാതെ ആ സൈനികന്‍; വേദനയില്‍ കുടുംബം

പുല്‍വാമയില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭാര്യയെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു ഒഡീഷ രതന്‍പുര്‍ സ്വദേശിയായ സൈനികന്‍ മനോജ് ബെഹ്‌റ. അപകടത്തിലേക്കാണ് താന്‍ പോകുന്നതെന്ന് മനോജ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മകളുടെ വിവരങ്ങള്‍ ആരാഞ്ഞ ശേഷം തിരിച്ചുവിളിക്കാമെന്നു പറഞ്ഞായിരുന്നു മനോജ് ഫോണ്‍ വെച്ചത്. എന്നാല്‍ ഭാര്യയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആ സൈനികന് സാധിച്ചില്ല. ചാവേറാക്രമണത്തില്‍ 43 സൈനികര്‍ക്കൊപ്പം മനോജും മരണം വരിച്ചു. മനോജിന്റെ വേദനയില്‍ നീറുകയാണ് കുടുംബം.
വൃദ്ധരായ മാതാപിതാക്കളുടെ ഏക മകനാണ് മനോജ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു മനോജിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മകളുടെ ഒരു വയസ് പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മനോജ് നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസമാണ് തിരിച്ചു പോയത്. വ്യാഴാഴ്ച രാവിലെ ഫോണ്‍ വിളിച്ചപ്പോള്‍ ശ്രീനഗറിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് മനോജ് ഭാര്യയോട് പറഞ്ഞിരുന്നുവെന്ന് ഭാര്യാ സഹോദരന്‍ ദേബാശിശ് ബെഹ്‌റ പറയുന്നു.
അവിടെയെത്തിയിട്ട് തിരിച്ചുവിളിക്കാമെന്ന് അവന്‍ വാക്കു നല്‍കിയതാണ്. പക്ഷേ ആ വാക്ക് പാലിക്കാന്‍ അവന് കഴിഞ്ഞില്ല. സഹോദരിയോട് ഇന്നു രാവിലെ വരെ സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ദേബാശിശ് പറയുന്നു.
2006 ലായിരുന്നു മനോജ് സിആര്‍പിഎഫില്‍ ചേരുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയിലായിരുന്നു ആദ്യ പോസ്റ്റിങ്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലേക്ക് മാറ്റുകയായിരുന്നു. സിആര്‍പിഎഫില്‍ 61-ാം ബെറ്റാലിയനിലെ സൈനികനായിരുന്നു മനോജ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here