മഞ്ഞപ്പടയ്ക്ക് എതിരെ പരാതിയുമായി വിനീത്

മഞ്ഞപ്പട എന്ന നവ മാധ്യമ കൂട്ടായ്മയ്ക്കെതിരെ പരാതിയുമായി ഫുട്ബോൾ താരം സി കെ വിനീത്.
തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നു എന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കാണ് സികെ വിനീത് പരാതി നൽകിയത്. കഴിഞ്ഞ മത്സരത്തിൽ താൻ ബോൾ ബോയിയോട് മോശമായി പെരുമാറി എന്ന് മഞ്ഞപ്പട അപവാദ പ്രചരണം നടത്തുന്നതായി പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ ഒരു ബോൾ ബോയിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പ്രചരണമെന്നും അതിന് പിന്നാലെ വോയ്‌സ് ക്ലിപ്പ് ഉൾപ്പെടെയുള്ള പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങളിൽ ഇന്നലെ മുതൽ വ്യാപകമായി പ്രചരണം നടക്കുകയാണെന്നും വിനീത് പരാതിയില്‍ ആരോപിക്കുന്നുണ്ട് . ഡിജിറ്റൽ തെളിവുകള്‍ അടക്കമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
തന്റെ വ്യക്തിപരമായ അന്വേഷണത്തിൽ പ്രചരണത്തിന്റെ പിന്നില്‍ “മഞ്ഞപ്പട” എന്ന പേരിലുള്ള വിവിധ വാട്ട്സ്‌ആപ്പ് കൂട്ടായ്മകളാണെന്ന് വിനീത് ആരോപിക്കുന്നു. “മഞ്ഞപ്പട എക്സിക്യൂട്ടീവ്” എന്ന വാട്ട്സ്ആപ്പ് കൂട്ടായ്‌മയുടെ അഡ്മിനും പ്രസ്തുത സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ പ്രഭുവിനെകുറിച്ച് ഒരു വോയ്‌സ് ക്ലിപ്പിൽ പരാമർശിക്കുന്നുമുണ്ടെന്നും വിനീത് പറയുന്നു. ഇത്തരം പ്രചരണങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തി സാധ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here