Advertisement

ജമ്മു കശ്മീരില്‍ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ ഉത്തരവ്

February 17, 2019
Google News 1 minute Read

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടന വാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് മീര്‍വായീസ് ഉമറുല്‍ ഫാറൂഖ് ഉള്‍പ്പെടേ അഞ്ച് പേരുടെ സുരക്ഷയാണ് പിന്‍വലിച്ചത്. അതിനിടെ പുല്‍വാമ ആക്രമണങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ ഭാഗങ്ങളിലുള്ള കശ്മീരി സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണമായി മാറി. ഈ സാഹചര്യത്തില്‍ കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിഘടന വാദി നേതാക്കളായ മീര്‍വായീസ് ഉമറുല്‍ ഫാറൂഖ്, ശബീര്‍ ഷാ,ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ഭട്ട്, ഹാഷിം ഖുറൈഷി എന്നിവരുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവരുടെ സുരക്ഷക്കായി നല്‍കിയിട്ടുള്ള വാഹനങ്ങളും ഉദ്യോഗസ്ഥരെയും വൈകിട്ടോടെ പിന്‍വലിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇവര്‍ മറ്റെന്തെങ്കിലും സര്‍ക്കാര്‍ സൗകര്യങ്ങള്‍ അനുവഭവിക്കുന്നുണ്ടെങ്കില്‍ അവയും പിന്‍വലിക്കും.

അതേസമയം ഉത്തരവില്‍ പാകിസ്ഥാന്‍ അനുകൂല വിഘടന വാദി നേതാവായ സയ്യിദ് അലി ഷാ ഗീലാനിയുടെ സുരക്ഷ പിന്‍വലിക്കുന്ന കാര്യത്തെക്കുറിച്ച് പരാമര്‍ശം ഇല്ല. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീര്‍ സ്വദേശികള്‍ക്ക് നേരെ ആക്രമണം നടന്നു. ജമ്മുവിലാണ് ആക്രമണങ്ങളുടെ തുടക്കം. ഇവിടെ കശ്മീരി സ്വദേശികളുടെ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. പ്രദേശത്ത് കര്‍ഫ്യൂവും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും തുടരുകയാണ്.

Read more: പുല്‍വാമ ഭീകരാക്രമണം; പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

ഡെറാഡൂണില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം മര്‍ദ്ദിച്ചു. അക്രമികള്‍ ലേഡീസ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൂടുതല്‍ അക്രമം ഭയന്ന് വാടക വീടുകള്‍ ഒഴിഞ്ഞ് പോകാന്‍ വിദ്യാര്‍ത്ഥികളോട് ഉടമകള്‍ ആവശ്യപ്പെട്ടതായാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ കശ്മീരികളും നഗരം വിടണമെന്നാണ് വിഎച്ച്പിയുടെ മുന്നറിയിപ്പ്. ബിഹാറിലെ പട്‌നയില്‍ കശ്മീരി വ്യാപകാരികളും അക്രമത്തിനിരയായി. അക്രമം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരി സ്വദേശികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ പ്രഖ്യാപിച്ച ബന്ദ് തുടരുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമയില്‍ 44 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. രണ്ടായിരത്തിലധികം സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് ചാവേര്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 22 കാരനായ ആദില്‍ അഹമ്മദ് ദറായിരുന്നു ചാവേറായത്. ജെയ്‌ഷെ കമാന്‍ഡര്‍ ഗാസിയാണ് ആക്രമണത്തിന്റെ മുക്യ സൂത്രധാരനെന്നും ഇന്റലിജന്‍സ് സുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here