ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണം : ഹർഭജൻ സിംഗ്

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പിൽ മുന്നോട്ട് പോകാൻ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹർഭജൻ പറഞ്ഞു. ജൂൺ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാപാകിസ്താൻ മത്സരം നടക്കുക.
‘വളരെ വിഷമകരമായ സമയമാണിത്. ആക്രമണം ഉണ്ടായിക്കഴിഞ്ഞു. വിശ്വസിക്കാൻ കഴിയുന്നില്ല. വിഷയത്തിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നമുക്ക് പാക്കിസ്താനുമായി ഒരു ബന്ധവും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ അവർ നമ്മളോട് ഇങ്ങനെ തന്നെ ചെയ്തു കൊണ്ടിരിക്കും. ക്രിക്കറ്റിലായാലും അങ്ങനെ തന്നെ വേണം’ ഹർഭജൻ സിംഗ് പറഞ്ഞു.
സെമി ഫൈനലിലോ ഫെനലിലോ ആണ് പാകിസ്താനുമായി കളിക്കേണ്ടി വരുന്നതെങ്കിലും അതിനെ മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നും ഹർഭജൻ പറഞ്ഞു.
നേരത്തെ, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മെയ് അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ആരാധകർക്കു പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here