ലോക്സഭ തെരഞ്ഞെടുപ്പ്: ഇടതിനൊപ്പം ചേര്‍ന്നു നിന്ന പാലക്കാടിന്റെ ചരിത്രം

ഇടതു കോട്ടയായ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നാല് തവണ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ ലോക്സഭയിലെത്തിയതാകട്ടെ പതിനൊന്ന് തവണയും. മൂന്ന് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത് വി.എസ് വിജയരാഘവനാണ്.
മണ്ഡലത്തിന്റെ ഘടന പല തവണ മാറിയെങ്കിലും മിക്കപ്പോഴും ഇടതിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. 1957 മുതല്‍ 71 വരെ തുടര്‍ച്ചയായി ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് ജയിച്ചു കയറി. എ.കെ.ജി യും ഇ.കെ നായനാരും അടക്കം നിരവധി പ്രമുഖര്‍ വിജയിച്ച പാലക്കാട് മണ്ഡലത്തില്‍ നിന്ന് നാല് തവണ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലോക്സഭയിലെത്താനായത്. 77 മുതല്‍ 91 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രമാണ് ഇടതിന് പിടിച്ചു നില്‍ക്കാനായത്. കോണ്‍ഗ്രസിന്റെ നാല് വിജയങ്ങളില്‍ മൂന്നെണ്ണവും വി.എസ് വിജയരാഘവന് എന്ന നേതാവിലൂടെയായിരുന്നു. 80 ലും 84 ലും 91 ലും വിജയരാഘവന് പാലക്കാട് നിന്ന് ലോക്സഭയിലെത്തി.
89 ല്‍ എ വിജയരാഘവനോടാണ് വി.എസ് വിജയരാഘവന് തോറ്റത്. 91ല്‍ എ വിജയരാഘവനെ തന്നെ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വി.എസ് വിജയരാഘവനും കോണ്‍ഗ്രസിനും പാലക്കാട് മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 1996ല്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തിയ എന്‍.എന്‍. കൃഷ്ണദാസാണ് മണ്ഡലം എല്‍ഡിഎഫിനായി പിടിച്ചെടുത്തത്. തുടര്‍ന്ന് 2004വരെ നാലു തവണ അദ്ദേഹത്തിന്റെ തേരോട്ടം. തുടര്‍ന്നുള്ള രണ്ടുതവണ എം.ബി. രാജേഷ് വിജയം ആവര്‍ത്തിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here