Advertisement

എറണാകുളം ജില്ലയ്ക്ക് ദേശീയ ജല അവാര്‍ഡ്

February 19, 2019
Google News 1 minute Read
eranakulam

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018 ലെ ദേശീയ ജല അവാര്‍ഡ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചു .ജല സ്രോതസ്സുകളുടെ പുന:രുജ്ജീവനം, നിര്‍മ്മാണം എന്ന വിഭാഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനമാണ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചത് . ഫെബ്രുവരി 25 ന് ഡല്‍ഹിയില്‍ കോണ്‍സ്റ്റ്യുഷണല്‍ ക്ലബ് മാവ്‌ലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയില്‍ നിന്നും ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അവാര്‍ഡ് ഏറ്റുവാങ്ങും. ആന്ധ്ര പ്രദേശ് , തെലങ്കാന, തമിഴ്‌നാട,് കേരളം ,കര്‍ണ്ണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വിപ് എന്നി ദക്ഷിണേന്ത്യന്‍ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലകള്‍ക്കുള്ള വിഭാഗത്തിലാണ് എറണാകുളത്തെ മികച്ച രണ്ടാമത്തെ ജില്ലയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് . പുന:രുജ്ജിവിപ്പിച്ച ജലസ്രോതസ്സുകള്‍, പുതുതായി നിര്‍മ്മിച്ച കുളങ്ങള്‍, തടാകങ്ങള്‍, ജലസേചന സൗകര്യങ്ങളിലെ വര്‍ദ്ധനവ് , മഴവെള്ളകൊയ്ത്ത് എന്നി മേഖലകളിലെ പ്രവര്‍ത്തന മികവാണ് അവാര്‍ഡിനായി പരിഗണിച്ചത്.

2018 ല്‍ 113 പൊതുകുളങ്ങളും 2017 ല്‍ 156 പൊതുകുളങ്ങളും 100 കുളം പദ്ധതിയിലൂടെ ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ പുന:രുജ്ജിവിപ്പിക്കാന്‍ സാധിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ , അന്‍പൊടു കൊച്ചി, എന്‍ എസ് എസ് ടെക്‌നികല്‍ സെല്‍ , ജലസേചന വകുപ്പ്, ശുചിത്വ മിഷന്‍, നെഹ്‌റു യുവകേന്ദ്ര എന്നിങ്ങനെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് പൊതുജന പങ്കാളിത്തത്തോടെ ആണ് പദ്ധതി നടപ്പിലാക്കിയത്.

കേന്ദ്ര പൊതു മേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പിയാഡിന്റെ സി എസ് ആര്‍ ഫണ്ടു പദ്ധതിയ്ക്ക് ലഭിച്ചു. 2018 ല്‍ ‘ജല സമൃദ്ധി’ എന്ന പേരില്‍ തൊഴിലുറപ്പു പദ്ധതിയിലുടെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി 150 പുതിയ കുളങ്ങളുടെ നിര്‍മ്മാണവും ജില്ലയില്‍ പൂര്‍ത്തീകരിച്ചിരുന്നു. 7,627 കിണറുകളുടെ റീചാര്‍ജിംഗും ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷകാലംകൊണ്ട് പൂര്‍ത്തികരിക്കാന്‍ സാധിച്ചു.  2018-ല്‍ മാത്രം 4,812 ലക്ഷം ലിറ്റര്‍ ജലം ഇതിലുടെ സംഭരിക്കാനായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ വിഭാഗത്തില്‍ മധുര ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here