അയോധ്യ ഭൂമി തര്‍ക്ക കേസ്; അടുത്ത ചൊവ്വാഴ്ച പരിഗണിക്കും

അയോധ്യ ഭൂമി തർക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 26ന് പരിഗണിക്കും. തർക്ക ഭൂമി മൂന്നായി ഭാഗിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നിർമോഹി അഘാര, രാമജന്മ ഭൂമി ന്യാസ്, സുന്നി വഖഫ് ബോർഡ് എന്നീ കക്ഷികള്‍ അപ്പീലുകളാണ് പരിഗണിക്കുക. തർക്ക ഭൂമി ഒഴികെ കേന്ദ്ര സർക്കാരിന്‍റെ കൈവശമുള്ള മിച്ചഭൂമി രാമജന്മ ഭൂമി ന്യാസിന് വിട്ട് നല്‍കാന്‍ അനുവദിക്കണമെന്ന ഹർജിയും ബെഞ്ച് പരിഗണിച്ചേക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീർ എന്നിവർ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ്
അടുത്ത ചൊവ്വാഴ്ച്ച വാദം കേള്‍ക്കുക.
കേസിലെ അന്തിമവാദം എന്ന് മുതല്‍ തുടങ്ങണം, ദൈനംദിനം വാദം കേള്‍ക്കണോ തുടങ്ങിയ കാര്യങ്ങളിലാണ് ബെഞ്ച് ആദ്യം തീരുമാനമെടുക്കുക. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയാണ് കോടതി പുനപ്പരിശോധിക്കുന്നത്.
ബാബ്റി മസ്ജിദ് തകർത്ത കേസില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനിക്ക് വേണ്ടി അഭിഭാഷകനായിരുന്ന ജസ്റ്റിസ് യു യു ലളിത്, കേസില്‍ വാദം കേള്‍ക്കുന്നതിലെ അനൌചിത്യവും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ജഡ്ജി ബെഞ്ചില്‍ അംഗമല്ലാത്തതും ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് പുനക്രമീകരിക്കുകയായിരുന്നു. അയോധ്യയില്‍ തര്‍ക്ക ഭൂമിക്ക് പുറമെയുള്ള 67 ഏക്കറോളം വരുന്ന മിച്ച ഭൂമി രാമജന്മ ഭൂ മി ന്യാസിന് വിട്ട് കൊടുക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയും ബെഞ്ചിന്‍റെ പരിഗണനയില്‍ വരും. സർക്കാരിന്‍റെ ഹർജിയെ എതിർക്കുമെന്ന് കേസില്‍ കക്ഷികളായ നിർമോഹി അഖാര നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here