പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങ്; കേരള റോയൽ സ്‌പോർട്‌സ് ക്ലബിന്റെ ഭവന പദ്ധതിക്കു തുടക്കമായി

പ്രളയത്തിൽ വീടുകൾ തകർന്ന നിർധനർക്ക് സഹായഹസ്തവുമായി കേരള റോയൽ സ്‌പോർട്‌സ് ക്ലബ്. അമേരിക്കയിലെ ഡാളസിലുള്ള കേരള റോയൽ സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർധനർക്കുള്ള ഭവന പദ്ധതിക്കു തുടക്കമായി. പ്രളയത്തെ തുടർന്ന് കേരളത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾവച്ചുകൊടുക്കുന്ന പദ്ധതിയിലെ ആദ്യവീടിന്റെ തറക്കല്ലിടീൽ കളമശേരി നിയോജകമണ്ഡലത്തിലെ കുന്നുകരപഞ്ചായത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് നിർവഹിച്ചു. ക്ലബ് പ്രതിനിധി അഡ്വ. അനുരൂപ് ഗീത അശോകൻ, കുന്നുകരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.യു. ജബ്ബാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read Also : പ്രളയാനന്തര പുനര്‍നിര്‍മ്മാണം; വീട് പുനര്‍നിര്‍മാണത്തിന് 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്‍കി
വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ശുപാർശയെ തുടർന്നാണ് കളമശേരി മണ്ഡലത്തിൽതന്നെ ആദ്യത്തെ വീട് നിർമിച്ചുകൊടുക്കാൻ ക്ലബ് ഭാരവാഹികൾ തീരുമാനിച്ചത്. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് ഒരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഭവനനിർമാണ പദ്ധതിയുമായി മുന്നോട്ടുവന്നതെന്നും പദ്ധതിയുടെ ഭാഗമായുള്ള കൂടുതൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് 2008 ൽ കേരള റോയൽ സ്‌പോർട്‌സ് ക്ലബിന്റെ രുപീകരണത്തിലേക്ക് എത്തിയത്.യുഎസ് ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്ന എൻടിസിഎ ലീഗിലുള്ള ക്ലബിൽ നൂറിലധികം അംഗങ്ങളാണുള്ളത്. സ്‌പോർടിനൊപ്പം ചാരിറ്റിക്കും പ്രധാന്യം കൊടുത്തുകൊണ്ടാണ് ക്ലബിന്റെ പ്രവർത്തനമെന്നും ഭാരവാഹികൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here