ഏറ്റുമാനൂർ വിഗ്രഹ മോഷണക്കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ച സ്ത്രീയ്ക്ക് വീടു നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

ഏറ്റുമാനൂർ വിഗ്രഹ മോഷണക്കേസിൽ പ്രതിയെ കണ്ടെത്താൻ തുമ്പുണ്ടാക്കിയ രമണിക്ക് വീടുമായി ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശരണാശ്രയ പദ്ധതിയിലെ ആദ്യ ഭവനമാണ് രമണിക്കായി തിരുവനന്തപുരം വെള്ളറടയിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തറക്കല്ലിട്ടത്.
1981 ൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വിഗ്രഹകവർച്ചാ കേസിലെ പ്രതിയെ കണ്ടെത്താൻ കാരണമായത് വെള്ളറട സ്വദേശിനി രമണിയാണ്. ക്ഷേത്രം കുത്തിതുറക്കാൻ ഉപയോഗിച്ച പാര കൊണ്ടു വന്നത് രമണി പരീക്ഷ എഴുതിയ കടലാസിലായിരുന്നു. അങ്ങനെ രമണിയിലൂടെ പോലീസ് പ്രതിയെ കണ്ടെത്തി. 38 വർഷങ്ങൾക്കിപ്പുറം ദേവസ്വം ബോർഡ് രമണിയോട് നന്ദി പ്രകടിപ്പിക്കുന്നത് വീട് വെച്ച് നൽകിയാണ്. അയ്യപ്പഭക്തൻ കൂടിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ബിസിനസ് പങ്കാളികളുമാണ് രമണിക്ക് വീട് വെച്ച് നൽകാൻ ദേവസ്വം ബോർഡിനെ സഹായിക്കുന്നത്. 650 സ്‌ക്വയർ ഫീറ്റുള്ള വീടിന് 12 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. വൈകിയാണെങ്കിലും തന്റെ കഷ്ടപ്പാട് കണ്ട് സഹായിച്ച ദേവസ്വം ബോർഡിനോട് വൈകാരികമായി രമണി നന്ദി പറഞ്ഞു.
Read More: ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം
ദേവസ്വം ബോർഡിന്റെ ശരണാശ്രയ പദ്ധതി അയ്യപ്പ ഭക്തരായ ആളുകളുടെ സഹായത്താലാണ് നടപ്പിലാക്കുന്നതെന്നും, അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രസിഡന്റ് പത്മകുമാർ പറഞ്ഞു. വിഷുകൈനീട്ടമായി രമണിയ്ക്ക് വീടിന്റെ താക്കോൽ കൈമാറാനാണ് ദേവസ്വം ബോർഡ് തീരുമാനം.
1981 മെയ് 24ന് ആയിരുന്നു ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും വിഗ്രഹം കവർന്നത്. ക്ഷേത്രക്കിണറില്‍നിന്ന് പൊലീസ് കണ്ടെത്തിയ ഒരു കടലാസ് അന്വേഷണത്തിൽ നിർണായകമായി. ക്ഷേത്രം കുത്തിത്തുറക്കാൻ ഉപയോഗിച്ച പാര പൊതിഞ്ഞുകൊണ്ടുവന്നത് ഈ കടലാസിലായിരുന്നു. രമണി പാറശാലയിലെ സ്കൂളിൽ 8–ാം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ പരീക്ഷ എഴുതാനുപയോഗിച്ച്, പിന്നീട് സമീപത്തെ ഇരുമ്പുകടയിൽ തൂക്കിവിറ്റ പേപ്പറായായിരുന്നു അത്. പേപ്പറിൽ സ്കൂൾ വിലാസം ഉണ്ടായിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ പാര വാങ്ങിയ കട കണ്ടെത്തി. തുടർ അന്വേഷണത്തിൽ മോഷ്ടാവായ ധനവുച്ചപുരം സ്വദേശി സ്റ്റീഫനെ തിരിച്ചറിഞ്ഞു.
ഒട്ടേറെ പ്രശംസകൾ അക്കാലത്തു ലഭിച്ചിരുന്ന രമണിയുടെ ജീവിതം പിന്നീട് ദുരിതപൂർണമായി. ഒരു വർഷം മുൻപ് ഭർത്താവ് ശശി മരിച്ചു. രമണി ഇപ്പോൾ തൊഴിലുറപ്പു തൊഴിലാളിയാണ്. മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം കെ.പി.ശങ്കരദാസും രമണിയുടെ വീട്ടിലെത്തി സഹായം ഉറപ്പ് നൽകി. വീടും ജോലിയുമായിരുന്നു വാഗ്ദാനം. പണം മുടക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി തയാറായതോടെ വീടിന്റെ നിർമാണവും തുടങ്ങുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here