കേരള കോണ്‍ഗ്രസ് രണ്ടാം സീറ്റിനുള്ള പിടിവാശി ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് വേണമെന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് ജോസഫ് വിഭാഗത്തോട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒറ്റക്കെട്ടായി ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി. ജനമഹായാത്രയുടെ കടുത്തുരുത്തിയിലെ സ്വീകരണ പരിപാടിയില്‍ മോന്‍സ് ജോസഫിനെ വേദിയിലിരുത്തിയായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം .രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് കെ.എം മാണിയും, ജോസ് കെ മാണിയും നിലപാടെടുത്തതോടെ ഇടഞ്ഞു നിന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ മുന്നണി നേതൃത്വം ശ്രമം നടത്തിയിരുന്നു. വഴങ്ങാതിരുന്നതോടെ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരിട്ട് പി.ജെ ജോസഫുമായി സംസാരിച്ചു.
ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പരസ്യമായി വെടിനിര്‍ത്തലാവശ്യപ്പെട്ട് മുല്ലപ്പള്ളി രംഗത്തെത്തിയത്. കെഎം മാണിയുമായും, പിജെ ജോസഫുമായും പ്രത്യേക ചര്‍ച്ചകള്‍ നടത്തിയെന്നും, തര്‍ക്ക പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പൊട്ടിത്തെറി ഇല്ലാതെ വിഷയങ്ങള്‍ അവസാനിപ്പിച്ച് 26ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരിട്ട് നടത്തിയ ചര്‍ച്ചയിലും പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കാതിരുന്നതോടെയാണ് പൊതു വേദിയില്‍ അഭ്യര്‍ത്ഥനയുമായി കെ.പി.സി.സി പ്രസിഡന്റ് എത്തിയത്. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍ക്ക് തടയിടാനുള്ള ചര്‍ച്ചകളും അണിയറയില്‍ തകൃതിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദം കേരളാ കോണ്‍ഗ്രസ്സില്‍ കടുത്ത വിഭാഗീയതയ്ക്ക് വഴിവെയ്ക്കുന്നതിനിടെ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നേരത്തെ സമവായ ചര്‍ച്ച നടന്നിരുന്നു. കെ.എം.മാണിയുമായും പി.ജെ.ജോസഫുമായും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രണ്ടാം സീറ്റെന്ന ആവശ്യത്തിലുറച്ചു നിന്നിരുന്ന ജോസ് കെ മാണി നിലപാട് മയപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here