Advertisement

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് യുവതി ബിഎസ്എഫിന്റെ വെടിയേറ്റ് ആശുപത്രിയില്‍

February 21, 2019
Google News 1 minute Read

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് യുവതി ബിഎസ്എഫിന്റെ വെടിയേറ്റ് ആസ്പത്രിയില്‍. തിരികെ പോകണമെന്ന സുരക്ഷാ സേനയുടെ മുന്നറിയിപ്പ് പാലിക്കാതെ മുന്നോട്ടു നീങ്ങിയ യുവതിയ്ക്കു നേരെ ബിഎസ്എഫ് വെടിയുതിര്‍ക്കുകയായിരുന്നു.പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയിലായിരുന്നു സംഭവം. ചണ്ഡീഗഡില്‍ നിന്നും 275 കിലോമീറ്റര്‍ മാറി ദേരാ ബാബനായക് പട്ടണത്തോടു ചേര്‍ന്നുള്ള അതിര്‍ത്തിയിലാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമമുണ്ടായത്. മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് അതിര്‍ത്തിയ്ക്കിപ്പുറത്തേക്ക് അതിക്രമിച്ചു കടന്നത്. യുവതി അതിര്‍ത്തിക്കടുത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) സേനാംഗങ്ങള്‍ യുവതിയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിനു തയ്യാറായില്ല. സേനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ മുന്നോട്ടു നീങ്ങിയതോടെ സൈന്യം യുവതിയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

യുവതിയുടെ പേര് ഗുല്‍ഷന്‍ എന്നാണെന്നും പാക്കിസ്ഥാനിലെ താജ്പുര സ്വദേശിനിയാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റ യുവതിയെ അമൃത്സറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാല്‍മുട്ടിനു മുകളിലായി രണ്ടു വെടികളേറ്റ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്   അമൃത്സറിലെ ഗുരുനാനാക്ക് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി ഭേദമായ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് ബിഎസ്എഫ് പറഞ്ഞു.

Read Also: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് റിതേഷ് ദേശ്മുഖ്; അടുത്ത രണ്ട് തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെയെന്ന് ദേവേന്ദ്ര ഫട്‌നവിസ്

അതിര്‍ത്തിയില്‍ മനുഷ്യബോംബ് ഭീഷണി നേരിടുന്ന സാഹചര്യമായതിനാല്‍ യുവതിയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും യുവതിയുടെ ബാഗ് വിശദമായി പരിശോധിച്ചുവരുകയാണെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയിലാണ് സുരക്ഷാ സേനകള്‍. ചാവേര്‍ ബോംബാക്രമണങ്ങള്‍ വീണ്ടുമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കശ്മീരിലടക്കം കനത്ത പരിശോധനകളാണ് നടക്കുന്നത്.

ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിനാണ് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതെന്നാണ് വിവരം. സൈനിക വാഹനവ്യൂഹത്തെയാണ് ഇത്തവണയും ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും 48 മണിക്കൂറിനുളളില്‍ ഇതിനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.സ്വകാര്യ വാഹനങ്ങളടക്കം പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുന്നുള്ളു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here