Advertisement

ബാരാമുള്ളയില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടുന്നു

February 22, 2019
Google News 3 minutes Read
indian-army

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ബാരമുള്ളയിലെ സോപോറിലാണ് സംഭവം.  ഇന്നലെ രാത്രിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്‍കര്‍ ഭീകരരെ സൈന്യം വളഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യം  സുരക്ഷ ശക്തമാക്കിയിരുന്നു. പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിനാണ് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സൈനിക വാഹനവ്യൂഹത്തെയാണ് ഇത്തവണയും ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും 48 മണിക്കൂറിനുളളില്‍ ഇതിനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.

കാശ്മീരിലെ റോഡുവഴിയുള്ള സേനാനീക്കം അവസാനിപ്പിച്ചിരുന്നു.  സൈനികരുടെ യാത്ര വിമാനമാർഗമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡെൽഹി-ശ്രീനഗർ, ശ്രീനഗർൃഡെൽഹി, ജമ്മു-ശ്രീനഗർ, ശ്രീനഗർ-ജമ്മു എന്നീ റൂട്ടുകളിലാണ് സൈനികരുടെ യാത്ര വിമാനമാർഗമാക്കിയത്.

മുമ്പ് ഓഫീസർ റാങ്കിലുള്ളവർക്ക് മാത്രമായിരുന്നു ഈ സെക്ടറുകളിൽ വിമാനയാത്ര നൽകിയിരുന്നത്. ഇതോടെ സിഎപിഎഫിലെ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റൻ സബ് ഇൻസ്‌പെക്ടർ എന്നീ റാങ്കിലുള്ള 7,80,000 പേർ ഇതോടെ വിമാനയാത്രയ്ക്ക് അർഹരാകും.

സുരക്ഷയുടെ ഭാഗമായി സ്വകാര്യ വാഹനങ്ങളടക്കം പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുന്നുള്ളു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

തീവ്രവാദി സംഘടനയായ ജെയ്ഷെ മുഹമ്മദ് പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. ഈ ആക്രമണത്തിന് ശേഷം തിങ്കളാഴ്ച പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ജെയ്‌ഷെ കമാന്റര്‍ കമ്രാനെ സൈന്യം വധിച്ചിരുന്നു. പുല്‍വാമയിലെ ഭീകരരുടെ ഒളി സങ്കേതത്തിലേക്ക് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ നാല് സൈനികരും കൊല്ലപ്പെട്ടു. പുല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 13 കിലോമീറ്റര്‍ മാറി ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ച് താമസിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here