‘പൊലീസും പട്ടാളവുമായി മരണ വീട്ടില്‍ പോകുന്നത് ഉചിതമല്ല’; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കിയതില്‍ കാനം

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതായിരുന്നുവെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പോകാത്തതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പട്ടാളവും പൊലീസുമായി മരണ വീട്ടില്‍ പോകുന്നത് ഉചിതമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി എത്താത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതു കുറ്റബോധംകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്നും കേരള പൊലീസ് പിരിച്ചുവിട്ട്, ഡിജിപിക്ക് പകരം റൊബോട്ടിനെ ഇരുത്തിയാല്‍ മതിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
യുവാക്കളുട വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറിയ മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. മനഃസാക്ഷിക്കുത്തു കൊണ്ടാണ് മുഖ്യമന്ത്രി യുവാക്കളുടെ വീട്ടില്‍ പോകാതിരുന്നതെന്നും ഇരട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ഡിസിസി പ്രസിഡന്റ് നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here