കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുൽവാമയിൽ ഭീകരവാദികൾ ചാവേറാക്രമണം നടത്തിയ ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കാശ്മീരികൾക്ക് നേരെ ആക്രമണമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി, ജസ്റ്റിസുമാരായ എൽഎൻ റാവു, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേർക്ക് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇത് പക്ഷെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കശ്മീരി സ്വദേശികൾക്ക് നേരെയുള്ള ആക്രമണമായി മാറി. ജമ്മുവിലാണ് ആക്രമണങ്ങളുടെ തുടക്കം.
കശ്മീരി സ്വദേശികളുടെ വാഹനങ്ങൾക്കും കടകൾക്കും നേരെ വ്യാപക ആക്രമണം നടന്നു. ജമ്മുവിലെ കശ്മീരികളായ സർക്കാർ ജീവനക്കാരുടെ വീടുകൾ അക്രമിക്കാനും ശ്രമം നടന്നു. അക്രമം അടിച്ചമർത്താൻ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഡെറാഡൂണിൽ കശ്മീരി വിദ്യാർത്ഥികളെ വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം മർദ്ദിച്ചു. അക്രമികൾ ലേഡീസ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൂടുതൽ അക്രമം ഭയന്ന് വാടക വീടുകൾ ഒഴിഞ്ഞ് പോകാൻ വിദ്യാർത്ഥികളോട് ഉടമകൾ ആവശ്യപ്പെട്ടതായാണ് വിവരം. 24 മണിക്കൂറിനുള്ളിൽ മുഴുവൻ കശ്മീരികളും നഗരം വിടണമെന്നാണ് വിഎച്ച്പിയുടെ മുന്നറിയിപ്പ്. ബീഹാറിലെ പട്‌നയിൽ കശ്മീരി വ്യാപകാരികളും അക്രമത്തിനിരയായി.
Read More : ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി സ്വദേശികള്‍ക്ക് നേരെ വ്യാപക അക്രമം
അക്രമം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കശ്മീരി സ്വദേശികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here