അധികാരത്തെ ഭയപ്പെടുന്നില്ല; കോടിയേരിക്ക് മറുപടിയുമായി എന്‍ എസ് എസ്
കോടിയേരിക്കെതിരെ ആഞ്ഞടിച്ച് എന്‍ എസ് എസ്. എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എൻഎസ്എസ്. അധികാരം കയ്യിലുണ്ടെന്ന് വെച്ച് എന്തുമാവാമെന്ന് കരുതരുതെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
എല്ലാ സമുദായസംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണെന്നും സാമുദായിക സംഘടനാനേതാക്കൾ മാത്രമാണ് എതിർപ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് കോടിയേരി എൻഎസ്എസിനെതിരെ വീണ്ടും രൂക്ഷവിമർശനം നടത്തിയത്. കോടിയേരിയുടെ പ്രതികരണത്തിന് തക്ക മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടല്ലെന്നും അത് തങ്ങളുടെ സംസ്കാരമല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Read More: എന്‍എസ്എസ് മാടമ്പിത്തരം കാണിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഇതിനിടെ എൻഎസ്എസിനെ അനുകൂലിച്ച് ബിജെപി രംഗത്തെത്തി. നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സര്‍വ സ്വാതന്ത്ര്യവും ഒരു സ്വാതന്ത്ര സാമുദായിക സംഘടന എന്ന നിലക്ക് എന്‍എസ്എസ്സിന് ഉണ്ടെന്നത് അംഗീകരിക്കാനും ആദരിക്കാനും സിപിഎം നേതൃത്വം മര്യാദ കാണിക്കണമെന്നും ബിജെപി അഭിപ്രായപ്പെട്ടു.
എൻഎസ്എസുമായി ചർച്ചക്ക് തയ്യാറായത് സർക്കാരിന്റെയോ സിപിഎമ്മിന്റെയോ ദൗർബല്യമായി കാണരുതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. എൻഎസ്എസിനെ സുപ്രീം കോടതി വിധിയോട് എതിർപ്പുണ്ടെങ്കിൽ അത് സർക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല.
കോടതി വിധി നടപ്പാക്കുന്നത് ഔദാര്യമല്ലെന്ന പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും കോടിയേരി പറഞ്ഞിരുന്നു. കേരള രക്ഷായാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ സംസാരിക്കവെയായിരുന്നു കോടിയേരിയുടെ പ്രസ്താവന. സിപിഎമ്മുമായി സമവായ ചർച്ചക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതിനെ തുടർന്നായിരുന്നു കോടിയേരിയുടെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here