ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സുരേഷ് ഗോപി എം പി സന്ദർശിച്ചു

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി വി വസന്തകുമാറിന്റെ കുടുംബത്തെ സുരേഷ് ഗോപി എം പി സന്ദർശിച്ചു. കേന്ദ്ര സഹായം ലഭിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ പതിനൊന്നരയോടെയാണ് സുരേഷ് ഗോപി എം പി വസന്തകുമാറിന്റെ ലക്കടിയിലെ വീട്ടിലെത്തിയത്. കുടുംബവീട്ടിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വസന്തകുമാറിന്റെ ഭാര്യ ഷീനയും കുട്ടികളും അമ്മയും ലക്കടിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിന് ശേഷം അദ്ദേഹം കുട്ടികളെ അടുത്തിരുത്തി പഠനം സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വസന്തകുമാറിന്റെ കുടുംബത്തിന് കേന്ദ്ര സഹായം ലഭിക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചു മിനിറ്റോളം കുടുംബത്തോടപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആർ.എസ്.എസ് പ്രാന്തിയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തിലങ്കരി ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജിശങ്കർ എന്നിവരും സുരേഷ് ഗോപി എം പി ക്കൊപ്പമുണ്ടായിരുന്നു.
Read More: പുൽവാമ ആക്രമണം; ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ അപകടകരമായ സാഹചര്യമെന്ന് ട്രംപ്
പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്.
നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വിവി വസന്തകുമാറിന്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് തസ്തികയിൽ വസന്തകുമാറിന്റെ ഭാര്യക്ക് താൽപര്യമില്ലെങ്കിൽ എസ്‌ഐ തസ്തികയിൽ നിയമനം നൽകുമെന്ന് അറിയിച്ചിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും. വീട്ടിലേക്കുള്ള വഴി, ഭവനം എന്നീ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തും. എസ്‌ഐ തസ്തികയിൽ നിയമനം വേണമൊയെന്ന് ഉടൻ അറിയിക്കാനും ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here