സാംസ്കാരിക നായകന്മാർ ഇടതുപക്ഷത്തിന്‍റെ ചട്ടുകം: യൂത്ത് കോണ്‍ഗ്രസ്

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരികനായകന്മാർ അവലംബിക്കുന്ന മൗനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കരുനാഗപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുതിയകാവ് ജംഗ്ഷനിൽ കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയിൽ തടഞ്ഞ് വാഴപ്പിണ്ടി നൽകിയും കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചു.
സാംസ്കാരിക നായകന്മാർ അരുംകൊല രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചട്ടുകമായി മാറു മാറുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ ആരോപിച്ചു. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയും ആയി നടക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകർ കരുനാഗപ്പള്ളിയുടെ മണ്ണിൽ കയറിയാൽ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്ന് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിബു.എസ്.തൊടിയൂർ, സി.ഒ.കണ്ണൻ, കെഎസ് പുരം സുധീർ, ഇർഷാദ് ബഷീർ, ജയഹരി, ജയകുമാർ, വിപിൻരാജ്, നാസിം പുതിയകാവ്, അഖിൽ അശോക് എന്നിവർ നേതൃത്വം നൽകി.
Read More: മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി
പെരിയയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം നട്ടെല്ലില്ലായ്മയാണെന്ന് ആക്ഷേപിച്ച് നേരത്തെ സാഹിത്യ അക്കാദമി ആസ്ഥാനത്തായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ വിധേയത്വത്തിന്റെ ഭാഗമായി നട്ടെല്ല് നഷ്ടപ്പെട്ട സ്ഥാനത്ത് വാഴപ്പിണ്ടി ഘടിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇത്. അക്കാദമിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിന് മുന്നില്‍ വാഴപ്പിണ്ടി കെട്ടിവയ്ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി പ്രരാചണ സമിതി അംഗവുമായ ജോണ്‍ ഡാനിയല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സുനില്‍ ലാലൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പെരിയ ഇരട്ട കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് മൂന്നേ മൂന്ന് വാചകങ്ങളാണ്; നിഷ്ഠൂരമായ ആ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിക്ക് ഹീനം പോലുമായിരുന്നില്ല, ‘ദൗര്‍ഭാഗ്യകരം’ മാത്രമായിരുന്നു. എന്നാല്‍ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക മൂപ്പന്മാരുടെ രാഷ്ട്രീയ വിധേയത്വവും നട്ടെല്ലില്ലായ്മയും തുറന്നു കാട്ടി, തൃശൂരിലെ സാഹിത്യ അക്കാദമി മുറ്റത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി എഫ്ബിയിലിട്ട പോസ്റ്റില്‍ അഞ്ച് വാചകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here