Advertisement

കല്ല്യോട്ട് അക്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ പ്രതിഷേധം; സ്ഥലത്ത് വന്‍ സംഘര്‍ഷം

February 23, 2019
Google News 1 minute Read

കാസര്‍കോട് കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ  പ്രതിഷേധം. പി കരുണാകരന്‍ എംപിയും കുഞ്ഞിരാമന്‍ എംഎല്‍എ യും അടങ്ങുന്ന സിപിഎം സംഘത്തിനു നേരെയാണ് പ്രതിഷേധമുണ്ടായത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും സ്ത്രീകളും എത്തി. തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഒടുവില്‍ കൂടുതല്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്നും അറസ്റ്റു ചെയ്ത് നീക്കിയത്.പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പിതാംബരന്റെ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനായാണ് സിപിഎം സംഘം ഇന്ന് രാവിലെ ഒമ്പതരയോടെ കല്ല്യാട്ടെത്തിയത്. നേതാക്കള്‍ വാഹനത്തില്‍ നിന്നിറങ്ങിയതോടെ മുദ്രാവാക്യങ്ങളുമായി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ തടയാനെത്തുകയായിരുന്നു.  നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റു ചെയ്ത് നീക്കി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ജില്ലയിലുള്ള നേതാക്കളുടെ സംഘമാണ് പീതാംബരന്റെ വീട് സന്ദര്‍ശിക്കുന്നത്. പിതാംബരന്റെ കുടുംബത്തെ തള്ളികളയാന്‍ ആകില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.പീതാംബരന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ പി സതീഷ് ചന്ദ്രന്‍ ട്വന്റി ഫോറിന്റെ ചര്‍ച്ചയായ എന്‍കൗണ്ടറില്‍ വ്യക്തമാക്കിയിരുന്നു.

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ഇന്നലെ മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കിയിരുന്നു.മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സിപിഎം നേതൃത്വം ഡിസിസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മറുപടി.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തല അടക്കമുള്ള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പോകാത്തതെന്നും പട്ടാളവും പൊലീസുമായി മരണ വീട്ടില്‍ പോകുന്നത് ഉചിതമല്ലെന്നുമായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ അഭിപ്രായം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here