Advertisement

തുടര്‍ച്ചയായുള്ള തീപിടുത്തങ്ങളെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി

February 24, 2019
Google News 1 minute Read
dgp hemachandran

സംസ്ഥാനത്ത് അടിക്കടിയായുണ്ടാകുന്ന തീപിടുത്തങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപി എ ഹേമചന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തങ്ങളുണ്ടായ സാഹചര്യത്തിലാണ് അഗ്നിശമന സേനാ മേധാവിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങളിലെ അട്ടിമറി സാധ്യത ഉള്‍പ്പെടെ പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് പോലീസിനും ജില്ലാ ഭരണ കൂടത്തിനും നിര്‍ദേശം നല്‍കിയതായും ഹേമചന്ദ്രന്‍ പറഞ്ഞു.സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച വരുത്തിയും മാനദണ്ഡങ്ങള്‍ ലംഘിച്ചും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫയര്‍ഫോഴ്‌സിന് ആധുനിക സംവിധാനങ്ങളുടെ പരിമിതികളുണ്ട്. സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടും അഗ്നിശമന സേനയിലെ സംവിധാനങ്ങള്‍ പരിമിതമാണെന്നും ഫയര്‍ഫോഴ്‌സ് ഡിജിപി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലും കൊച്ചി മംഗളവനത്തിലും കഴിഞ്ഞ ദിവസം വന്‍ തീപിടുത്തമുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീവ്ര ശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. മാലിന്യപ്ലാന്റില്‍ കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരത്തിലാണ് തീപടര്‍ന്നത്.

തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തി പ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും രൂക്ഷമാവുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണത്തിലാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കൊച്ചി കോര്‍പ്പറേഷന്‍ നേരത്തെ ആരോപിച്ചിരുന്നു.ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ പുകശല്യം രൂക്ഷമായിരുന്നു.

വൈറ്റില, കടവന്ത്ര മേഖലകളില്‍ പുക പടര്‍ന്നത് പ്രദേശവാസികളില്‍ ആശങ്ക ഉണര്‍ത്തി. കിലോമീറ്ററുകളോളം പുക പടര്‍ന്നു. പുക വ്യാപകമായത് നാട്ടുകാരില്‍ പലര്‍ക്കും ശ്വാസതടസ്സം സൃഷ്ടിച്ചു. വാഹനഗതാഗതവും ഇതേ തുടര്‍ന്ന് തടസ്സപ്പെട്ടു.   മലപ്പുറം എടവണ്ണയില്‍ പെയിന്റ് ഗോഡൗണിലും വയനാട് വന്യജീവി സങ്കേതത്തിലും വലിയ തീപിടുത്തമാണ് കഴിഞ്ഞ ദിവസമുണ്ടായത്. വയനാട് വന്യജീവി സങ്കേതത്തില്‍ ഏക്കര്‍ കണക്കിന് വനഭൂമിയിലാണ് തീ പടര്‍ന്നു കയറിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here