മധ്യപ്രദേശിലെ ഇരട്ടക്കുട്ടികളുടെ കൊലപാതകം; പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാവെന്ന് പൊലീസ്

മധ്യപ്രദേശിലെ ചിത്രകൂടില്‍ നിന്നും ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാവെന്ന് പൊലീസ്. ബജ്‌റംഗ്ദളിന്റെ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് ഐ ജി ചഞ്ചല്‍ ശേഖര്‍ അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതും വിഷ്ണുകാന്താണ്. എന്നാല്‍ ഇയാള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി വിഷ്ണുകാന്തിന്റെ സഹോദരന്‍ പദം ശുക്ലയാണെന്നും ചഞ്ചല്‍ ശേഖര്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് രാമ രാജ്യം എന്ന് നമ്പര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കുകളും ബിജെപിയുടെ പതാക വഹിക്കുന്ന ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്.
Read more: മധ്യപ്രദേശില്‍ കാണാതായ ഇരട്ടകളുടെ മൃതദേഹം യമുന നദിയില്‍; ആറ് പേര്‍ അറസ്റ്റില്‍
ഫെബ്രുവരി 12 നാണ് സ്‌കൂള്‍ ബസില്‍ നിന്നും ഇരട്ടക്കുട്ടികളായ വിദ്യാര്‍ഥികളെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലെ ബാണ്ടയില്‍ യമുന നദിയില്‍ നിന്നും കുട്ടികളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സാറ്റ്‌ന ജില്ലയിലെ സദ്ഗുരു പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. സ്‌കൂളില്‍ നിന്നും ബസില്‍ മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ചിത്രകൂടിലെ വ്യവസായി ബ്രിജേഷ് റാവത്തിന്റെ മക്കളായ ശ്രേയാന്‍ഷ്, പ്രിയാന്‍ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മോചന ദ്രവ്യത്തിന് വേണ്ടിയായിരുന്നു യുവാക്കള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 20 ലക്ഷം രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 20 ലക്ഷം രൂപ ബ്രിജേഷ് സംഘത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ ഒരു കോടി രൂപ ആവശ്യപ്പെട്ട് സംഘം ബ്രിജേഷിനെ ഭീഷണിപ്പെടുത്തി. പണം നല്‍കാതെ വന്നതോടെ കുട്ടികളെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here